കെ.എച്ച്.എന്‍.എ ഫ്‌ളോറിഡ മേഖല സംഗമം അവിസ്മരണീയമായി –

03:22 pm 12/11/2016

സതീശന്‍ നായര്‍
Newsimg1_96605811
ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ദേശീയ ഹിന്ദു സംഗമത്തിന്റെ മുന്നോടിയായി മയാമിയില്‍ വച്ചു നടത്തിയ മേഖലാ ഹിന്ദു സംഗമം പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഉദ്ഘ്ടാനം ചെയ്തു. രാഷ്ട്രീയമായി പരസ്പരം പോരടിച്ചുകൊണ്ടിരുന്ന അനേകം നാട്ടുരാജ്യങ്ങളെ സാംസ്കാരികമായി സമന്വയിപ്പിച്ചിരുന്ന ഏകാത്മക ദര്‍ശനം ഭാരതത്തിന്റെ എക്കാലത്തേയും കരുതലും സന്ദേശവുമായിരുന്നെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ ഏവരേയും ഓര്‍മ്മിപ്പിച്ചു. വിവിധങ്ങളായ ശൈവ, വൈഷ്ണവ, ശാസ്‌ത്രേയ വിഭാഗങ്ങളേയും പ്രാചീന ഗോത്രാചാരങ്ങളേയും പലതരം നാട്ടുക്കൂട്ടങ്ങളേയും അപൂര്‍വ്വമായ അനുഷ്ഠാനങ്ങളേയും സമര്‍ത്ഥമായി സംയോജിപ്പിച്ചിരുന്ന ഏകാത്മക സങ്കല്‍പവും ബഹുസ്വരതയും നിരാകരിച്ച പാശ്ചാത്യ സംസ്കാരവും ഭൗതീകതയിലൂന്നിയ രാഷ്ട്രീയ പ്രവണതകളും സമൂഹത്തിലുണ്ടാക്കിയ ശിഥിലീകരണം സത്യസന്ധമായി വിലയിരുത്തുവാന്‍ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ ഗവേഷകരും തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗത്ത് ഫ്‌ളോറിഡ അസോസിയേഷന്‍ പ്രസിഡന്റ് സഞ്ചു എബിയുടെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ താമ്പ ഹിന്ദു മലയാളി അസോസിയേഷനായ ആത്മ, ഓര്‍ലാന്റോ ഹിന്ദു മലയാളീസ്, ജാക്‌സണ്‍വില്ല ഭജന്‍ സംഘം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. സ്വാഗതസംഘം കണ്‍വീനറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഗോപന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, മേഖലാ വൈസ് പ്രസിഡന്റ് ബിനീഷ് വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന ആദ്ധ്യാത്മിക സെമിനാറില്‍ ‘വേദാന്തചിന്തയുടെ അഗാധ രഹസ്യങ്ങള്‍’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. ധീര ചൈതന്യജി മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ ഡോ. ജയന്തി നായര്‍, കെ.എച്ച്.എന്‍.എ വനിതാ വിഭാഗം കമ്മിറ്റി അംഗം അഞ്ജന കൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

2017-ല്‍ ഡിട്രോയിറ്റില്‍ നടക്കുന്ന ദേശീയ ഹിന്ദു സംഗമത്തിന്റെ ശുഭാരംഭവും ചടങ്ങില്‍ നടന്നു. മുന്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേലില്‍ നിന്ന് അപേക്ഷയും സംഭാവനയും സ്വീകരിച്ചുകൊണ്ട് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ശുഭാരംഭത്തിനു തുടക്കംകുറിച്ചു. 2017 സംഗമത്തിന്റെ പ്രസക്തിയും മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുന്‍ സെക്രട്ടറിയും ട്രസ്റ്റി മെമ്പറുമായ സുരേഷ് നായര്‍ വിശദീകരിച്ചു. കൂടാതെ ബോര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ ആശംസാ പ്രസംഗം നടത്തി. സമ്മേളനത്തില്‍ വ്ത്യസ്ത കലാപരിപാടികളും നടന്നു. സമാപനം കുറിച്ചുകൊണ്ട് തപസ്യ തീയേറ്റേഴ്‌സ് അവതരിപ്പിച്ച ‘അമ്മേ നാരായണ’ എന്ന നൃത്തസംഗീത നാടകം അവിസ്മരണീയമായിരുന്നു.

മോഹന്‍ നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പാഞ്ചാരിമേളവും ചടങ്ങിനു കൊഴുപ്പേകി. കലാപിരാപടികള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും മേഖലാ കോര്‍ഡിനേറ്റര്‍ നന്ദകുമാര്‍ ചക്കിങ്കല്‍, ബിനോയ് നാരായണന്‍, സന്ധ്യാ പത്മകുമാര്‍, ഹരിലാല്‍ ശ്രീകുമാര്‍, റോഷ്ണി ബിനോയി, സൂരജ് ശശിധരന്‍, ലക്ഷ്മി ചന്ദ്രന്‍, വിനോദ് കുമാര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പത്മകുമാര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.