കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ഇന്ന് ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി

04:28pm 5/10/2016
download (6)
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ഇന്ന് ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രൻ. എസ്.ബി.ടിയിൽ നിന്നു വായ്പയെടുക്കാൻ അടിയന്തര ചർച്ചകൾ നടക്കുകയാണ്. രണ്ടു മണിയോടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അത് ലഭിച്ചാലുടൻ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കു ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയുടെ ഉത്തരവാദിത്തമാണത്. പെൻഷൻ കൊടുക്കുന്ന കാര്യത്തിൽ മാത്രമാണ് അൻപതു ശതമാനം ബാധ്യത സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സമരം തെറ്റെന്ന് പറയുന്നില്ലെങ്കിലും പ്രതിസന്ധിയുള്ളപ്പോൾ‌ സർവീസ് മുടക്കുന്നത് ശരിയാണോയെന്ന് ജീവനക്കാർ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് മന്ത്രിയേക്കാൾ അറിവുള്ളവരാണ് ട്രേഡ് യൂണിയനുകൾ. ഈയവസ്ഥയിൽ സമരം ചെയ്യുന്നത് ശരിയാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.