09:35am 30/5/2016
കണ്ണൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഖാദി ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ കെ.പി. നൂറുദ്ദീന്‍(77) അന്തരിച്ചു. കഴിഞ്ഞ ദിവസമാണു റോഡില്‍ കാല്‍തെന്നിവീണ് അദ്ദേഹത്തിനു ഗുരുതര പരുക്കേറ്റത്.
ഐ.സി.യു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച നൂറുദ്ദീന്‍ ഇന്നല വൈകിട്ടാണു മരണത്തിനു കീഴടങ്ങിയത്. കബറടക്കം ഇന്നു വൈകിട്ട് നാലിനു കണ്ണൂര്‍ പുതിയങ്ങാടി ഹൈദ്രോസ് പള്ളി ഖബര്‍ സ്‌ഥാനില്‍. രാവിലെ 7.30 നു കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലും 12 നു പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലും പൊതുദര്‍ശനത്തിനു വയ്‌ക്കും.
1939 ജൂലൈ 30നു വേങ്ങാടന്‍ മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനായാണു ജനിച്ചത്. പേരാവൂരില്‍നിന്ന് അഞ്ച് തവണ എം.എല്‍.എ. ആയി. 1982 മുതല്‍ 1987 വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വനം-സ്‌പോര്‍ട്‌സ് മന്ത്രിയായി. 1953ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ കുറ്റൂര്‍ പെരുവാമ്പ യൂണിറ്റ് സെക്രട്ടറിയായാണു രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
1977ലാണു പേരാവൂരില്‍നിന്നു കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ കൃഷ്‌ണന്‍ നമ്പ്യാരെ തോല്‍പിച്ച് ആദ്യം നിയമസഭയിലെത്തി.
കെ.പി.സി.സി. ട്രഷറര്‍, വീക്ഷണം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി എം.ഡി, പയ്ന്നൂര്‍ യഎജ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി, കുറ്റൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി, ഭാരത് സേവക് സമാജ് സെക്രട്ടറി, മാതമംഗലം ഗവ. ഹൈസ്‌കൂള്‍ കമ്മിറ്റി സെക്രട്ടറി, ആറളം സെന്‍ട്രല്‍ സ്‌റ്റേറ്റ് ഫാം സ്‌റ്റാഫ് യൂണിയന്‍ പ്രസിഡന്റ്, പയ്യന്നൂര്‍ ഖാദി എംപ്ലോയിസ് യൂണിയന്‍ പ്രസിഡന്റ്, കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇരിട്ടി എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ്, പയ്യന്നൂര്‍ കോ. ഓപ്പറേറ്റീവ് ടൗണ്‍ബാങ്ക് പ്രസിഡന്റ്, നോര്‍ത്ത് മലബാര്‍ ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ ആയുര്‍വേദ സഹകരണ സംഘം(ആരോഗ്യ) പ്രസിഡന്റ്, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, എന്നീ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ കെ.എം. അസ്‌മ, മക്കള്‍: കെ.എം. നസീമ, ഡോ. കെ എം. ഫിറോസ്, കെ.എം. ഹസീന, കെ.എം. സറീന, മരുമക്കള്‍. ഡോ. പി.കെ. അബ്‌ദുല്‍ സലാം, ടി.എം. സൂബൈര്‍, നിസാര്‍ കെ. പുരയില്‍, സബ്രീന. സഹോദരങ്ങള്‍- ഖദീജകുട്ടി, നബീസു, കുഞ്ഞാമി, ആലിക്കുട്ടി, മമ്മുക്കുട്ടി, അബു, ഹംസകുട്ടി, സാലി, പരേതയായ പാത്തുക്കുട്ടി.