കെ.ബാബുവിനെതിരെ വിജിലൻസ് കേസെടുക്കാൻ ശിപാർശ

11:27 AM 21/07/2016
K-Babu_facebook_380-1
തിരുവനന്തപുരം:കെ.ബാബുവിനെതിരെ വിജിലൻസ് കേസ്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ബാബുവിനെതിരെ കേസെടുക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ശിപാർശ നൽകിയത്. വിജിലൻസ് സെൻട്രൽ റേഞ്ച് എസ്.പിയാണ് ശിപാർശ നൽകിയിരിക്കുന്നത്.

മന്ത്രിയായിരിക്കെ ബാർ ലൈസൻസ് അനുവദിക്കുന്നതിൽ ബാബു നടത്തിയ ക്രമക്കേടുകൾ അന്വേഷിക്കണെന്നാവശ്യപ്പെട്ട് ഹോട്ടലുടമകൾ നൽകിയ പരാതിയിലാണ് നടപടി. ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ നേതാവ് വി.എം രാധാകൃഷ്ണനാണ് ബാബുവിനെതിരെ പരാതി നൽകിയത്.

നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാവും എസ്പിയുടെ ശുപാര്‍ശയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനം എടുക്കുക. ബാബുവിനെതിരെ ത്വരിത പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നു.

വിഷയത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും പഠിച്ച ശേഷം പ്രതികരിക്കാമെന്നും കെ. ബാബു അറിയിച്ചു.

ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ കെ ബാബു വഴിവിട്ട് ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മിഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനായിരുന്നു. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരെ ഇടനിലക്കാരാക്കി ബാബു പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇതിനായി പണം പിരിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിയമിച്ചത് അഴിമതി മൂടിവെക്കാനാണെന്നും പരാതിയില്‍ പറയുന്നു.