കെ.ബാബുവിന്റെ ബിനാമി ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്

01.33 AM 0609-2016
image
കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന് പറയപ്പെടുന്ന ബാബുറാമിന്റെ സ്വത്ത് വിവരങ്ങളുടെ പട്ടിക വിജിലന്‍സ് കണ്ടെടുത്തു. പട്ടികപ്രകാരം ബാബുറാമിന് മരട്, പനങ്ങാട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്ന് വിജിലന്‍സ് പറയുന്നു. ആകെ 41 ഇടങ്ങളിലെ ഭൂമിയാണ് പട്ടികയിലുള്ളത്. ഇതില്‍ 27 ഇടപാടുകള്‍ നടന്നത് ബാബു മന്ത്രിയായിരിക്കെയാണ്. ഇതിന് പുറമെ ബാബു റാമിന് ഏഴിടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ് പറയുന്നു. ബാബുറാം തന്നെ തയ്യാറാക്കി സൂക്ഷിച്ചതാണ് പട്ടിക. ഭൂമിയുടെ ആധാരങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, കെ. ബാബുവിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ കൊച്ചി വിജിലന്‍സ് ഓഫിസില്‍ ചോദ്യം ചെയ്തു. ബാബു മന്ത്രിയായ ശേഷം നന്ദകുമാര്‍ പണമിടപാട് സ്ഥാപനം തുടങ്ങിയിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ പെണ്‍മക്കളുടെ ബാങ്ക് ലോക്കറുകള്‍ തുറന്നു പരിശോധിക്കുന്നതിനുള്ള നടപടികളും വിജിലന്‍സ് തുടങ്ങി.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാബു നടത്തിയത് നഗ്‌നമായ അഴിമതിയെന്ന് വി എസ് അച്യുതാനന്ദനും പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല ഇന്നും തയാറായില്ല.റെയ്ഡ് നടത്തി കെ ബാബുവിനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.