കെ.ബാബുവിന്റെ വീട്ടില്‍ റെയ്ഡ്; എട്ടുലക്ഷം രൂപ പിടിച്ചെടുത്തു

05.38 PM 03-09-2016
K.Babu_st_090316
കൊച്ചി: എക്‌സൈസ് മുന്‍ മന്ത്രി കെ.ബാബുവിന്റെയും ബിനാമികളുടെയും വസതികളില്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് സംഘം എട്ടുലക്ഷം രൂപ പിടിച്ചെടുത്തു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും ബിനാമി എന്ന് വിജിലന്‍സ് പറയുന്ന റോയല്‍ ബേക്കറി ഉടമ മോഹനന്റെ വസതിയില്‍ നിന്നും ആറര ലക്ഷം രൂപയുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ബിനാമികളുടെയും ബാബുവിന്റെ ബന്ധുക്കളുടെയും വസതികളില്‍ വരും ദിവസങ്ങളിലും റെയ്ഡ് തുടരാനാണ് വിജിലന്‍സ് തീരുമാനം.
ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീടിനു പുറമേ പാലാരിവട്ടത്തുള്ള മകളുടെ വീട്ടിലും തൊടുപുഴയിലുള്ള മറ്റൊരു മകളുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതടക്കം ബാബുവുമായി ബന്ധപ്പെട്ട ഏഴ് കേന്ദ്രങ്ങളിലാണ് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ റെയ്ഡ് നടത്തിയത്. ഇന്നു പുലര്‍ച്ചെ ഏഴോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിവിധ സംഘങ്ങളായി തിരിഞ്ഞ വിജിലന്‍സ് ഏഴിടങ്ങളിലും ഒരേസമയം റെയ്ഡ് ആരംഭിക്കുകയായിരുന്നു. ബാബുവും ഭാര്യയും തൃപ്പൂണിത്തുറയിലെ വീട്ടിലുണ്ട്. അതേ സമയം റെയ്ഡിനെക്കുറിച്ച് പ്രതികരിച്ച കെ ബാബു തനിക്കെതിരെ നടക്കുന്നത് പകപോക്കലാണ് എന്ന് മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ബാബുവിനെയും മറ്റു രണ്ടു പേരെയും പ്രതികളാക്കി അനധികൃത സ്വത്ത് സമ്പാദനത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയഡുകള്‍. എക്‌സൈസ് മന്ത്രിയായിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷം ബാബു നടത്തിയ ഇടപാടുകളും അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ബാബു മന്ത്രിയായതിനുമുമ്പും അതിനുശേഷവുമുള്ള അദ്ദേഹത്തിന്റെ സ്വത്തുവകകളുടെ വര്‍ധനയും പരിശോധിക്കും. ബാബുവിന്റെ ബന്ധുക്കള്‍ അടുത്തിടെ വാങ്ങിയ വസ്തുക്കളുടെ രേഖകള്‍, അതിന്റെ ഉറവിടം എന്നിവയും പരിശോധിക്കുന്നുണ്ട്.
ബാബുവിന്റെ ബിനാമികളെന്ന് കരുതപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്‍, കുമ്പളം സ്വദേശിയായ ബാബു റാം എന്നിവരുടെ സ്വത്തുവകകളിലും വന്‍ വര്‍ധനയുണ്ടായെന്നാണ് വിജിലന്‍സിന് പ്രാഥമികമായി ലഭിച്ചിരിക്കുന്ന സൂചന. ഇവരുടെ സ്ഥാപനങ്ങള്‍, വസ്തുക്കള്‍ എന്നിവയുടെ രേഖകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
ബാബു മന്ത്രിയായതിനുശേഷം ഇവരുടെ സ്വത്തില്‍ അസ്വാഭാവികമായി വളര്‍ച്ചയുണ്ടായതായി പരാതികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാബുവിന്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകളില്ല എന്നപേരില്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പുരോഗതിയുണ്ടായിരിക്കുന്നത്.
ബാറുടമകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് നല്‍കാമെന്ന പേരില്‍ കോടിക്കണക്കിന് രൂപ ബാബു കൈപ്പറ്റിയെന്ന് ബാറുടമ ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്. ഒരു വിഭാഗം ബാറുടമകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ ബാബു വഴിവിട്ട് ഇടപെട്ടുവെന്നായിരുന്നു പരാതി. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരെ ഇടനിലക്കാരാക്കി അദ്ദേഹം പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയുണ്ടായി. ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മീഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനാണെന്നും ആരോപണമുയര്‍ന്നിരുന്നു.