കെ.സി.അബുവിന്റെ വിമര്‍ശനത്തിനു മറുപടിയുമായി വി.ടി.ബല്‍റാം

09.50 AM 02-09-2016
balram_0109
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ വിമര്‍ശനത്തിനു മറുപടിയുമായി കോണ്‍ഗ്രസ് യുവ എംഎല്‍എ വി.ടി.ബല്‍റാം. ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം എല്ലാവരും എല്ലായ്‌പ്പോഴും സഹിച്ചുകൊള്ളണമെന്നില്ലെന്നാണ് ബല്‍റാം മറുപടി നല്‍കുന്നത്.
മുട്ടയില്‍നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാല്‍ അതുപയോഗിച്ച് വിരിയുക എന്നത് തന്നെയാണ് ചെയ്യേണ്ടത്, അല്ലെങ്കില്‍ കാത്തുകാത്തിരുന്ന് ചീമുട്ട ആയിപ്പോകും. ഗ്രൂപ്പ് ഇന്‍ക്യുബേറ്ററികളില്‍ അടവെച്ച് വിരിയിക്കപ്പെടുന്നവര്‍ മാത്രം കോണ്‍ഗ്രസില്‍ പോര എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കോഴിക്കോട് ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസിലെ പുതുതലമുറയില്‍ ഇല്ലാത്തതുകൊണ്്ടാണോ പാര്‍ട്ടിയെ തോല്‍വികളില്‍നിന്ന് തോല്‍വികളിലേക്ക് നയിച്ചുകൊണ്്ടിരിക്കുന്ന ഈ മഹാനായ ജനകീയ നേതാവ് തന്നെ വര്‍ഷങ്ങളായി ജില്ലാ അധ്യക്ഷപദവിയില്‍ തുടരുന്നതെന്ന ചോദ്യം പ്രസക്തമാണെന്നും അബുവിനെ ലക്ഷ്യമാക്കി ബല്‍റാം പറയുന്നു.
നേരത്തെ, കോണ്‍ഗ്രസിലെ പഴയ തലമുറ മാറി നില്‍ക്കാത്തതുകൊണ്ട് പുതുതലമുറക്ക് അവസരം ലഭിക്കുന്നില്ല എന്ന ബല്‍റാമിന്റെ പ്രസ്താവനയ്ക്ക് മുട്ടയില്‍നിന്നു വിരിയുന്നതിനു മുന്‍പേ സൗഭാഗ്യങ്ങള്‍ ലഭിച്ചയാളാണ് ബല്‍റാമെന്നായിരുന്നു അബുവിന്റെ മടുപടി.