06.41 PM 04-09-2016
ജോയിച്ചന്‍ പുതുക്കുളം
ന്യൂജേഴ്സി: ഓണത്തിന് പുതു ചരിത്രവുമായി ന്യൂജേഴ്സി ഒരുങ്ങുന്നു. മലയാളികളുടെ ദേശീയോത്സവം മുന്ന് സംഘടനകളുടെ നേതൃത്വത്തില്‍ ഇക്കുറി ആഘോഷിച്ചു ചരിത്രം തിരുത്താന്‍ തയാറെടുക്കുകയാണ് ന്യൂജേഴ്സി മലയാളികള്‍. ‘കെ.സി.എഫ്, മഞ്ച്, നാമം’ എന്നീ സംഘടനകള്‍ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ന്യൂജേഴ്സിയിലെ മലയാളികള്‍ ജാതിമത വര്‍ഗ വ്യത്യാസങ്ങള്‍ക്കപ്പുറത്തു ഒരു ജാതിയ്ക്കും ഒരു മതത്തിനും പ്രാധാന്യം നല്കിയ കേരളീയ ഭരണാധിപനായിരുന്ന മഹാബലിയുടെ പ്രതാപം തിരികെ കൊണ്ടുവരാന്‍ ഒന്നായി പ്രവര്‍ത്തിക്കുകയാണിവിടെ.
നാമം സാംസ്കാരിക സംഘടയുടെ സ്ഥാപകന്‍ ബി.മാധവന് നായര്‍ ഈ ചരിത്രമുഹൂര്‍ത്തത്തെ കുറിച്ച് പ്രതികരിക്കുന്നു.
‘ഓണം നമ്മുടെ ഉള്ളില്‍ ഉണര്‍ത്തുന്നത് ഒരു ഗൃഹാതുരത്വമാണ്. എങ്കിലും നമ്മുടെയുള്ളില്‍ എവിടെയെങ്കിലും അറിഞ്ഞോ അറിയാതെയോ ആ നഷ്ടസ്മൃതി ഒരു നിമിഷാര്‍ദ്ധത്തേക്കെങ്കിലും ഉണര്‍ന്നാല്‍ വന്നാല്‍ അതാണ് ഓണം! അതിനായി ന്യൂജേഴ്സിയിലെമലയാളികള് ഒന്നിക്കുകയാണ്. ഇവിടെ ജാതി മത ചിന്തകള്‍ ഇല്ല. ഓണം എന്ന മലയാളികളുടെ ഉത്സവം മാത്രം. മുന്‍കാലങ്ങളില്‍ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ പ്രത്യേകം പ്രത്യേകം ഓണാഘോഷങ്ങള്‍ ഉണ്ടായിരുന്നു അതൊക്കെ ഇന്ന് മാറി മറിയുന്നു. മലയാളികള്‍ ഒന്നാണെന്ന് ലോകത്തെ അറിയിക്കുവാന്‍ ഓണം പോലെ മറ്റൊരു ആഘോഷമില്ല. മുറ്റത്തും തൊടികളിലും ഊഞ്ഞാല് വള്ളികളാല്‍ കെട്ടിയ ഊഞ്ഞാലുകളുടെ അരികില്‍ ഊഴവും തേടി നിന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക് അത് തിരികെ കൊണ്ടുവരാന്‍ ഒരു ശ്രമം. അതിപ്പോള്‍ വിജയത്തിന്റെ പാതയിലാണ്. ഒരുദിവസം പൂര്‍ണ്ണമായും ഓണാഘോഷം. കൂട്ടുകാരെ ഉന്തിയും കൂടെക്കൂടിയും ഒരവസരത്തിനു വഴിയൊരുക്കിയിരുന്ന കാത്തുനിന്നിരുന്ന നാളുകള്‍ ഞങ്ങള്‍ ഇവിടെ പുതിയ തലമുറയ്ക്കായി ഒരുക്കുന്നു. അത് കാണുവാന്‍ ന്യൂജേഴ്സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.
ന്യൂജേഴ്സിയിലെ മലയാളി സംഘടനകളില്‍ വളരെ ശ്രദ്ധേയമായ സാന്നിധ്യമാണ് നാമം എന്ന സംഘടനയ്ക്കുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് നാമത്തിനു അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മികച്ച സംഘടനാ എന്ന ഖ്യാതി നേടിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. സ്ഥാപക ചെയര്മാന് എന്ന നിലയില്‍ നാമത്തിന്റെ വളര്‍ച്ചയില്‍ സംതൃപ്തനാണ്. ഡോ:ഗീതേഷ് തമ്പി (പ്രസിഡന്റ(്, സജിത് ഗോപിനാഥ് (സെക്രട്ടറി), ഡോ: ആശാ വിജയകുമാര്‍ (ട്രഷറര്‍) ആയും നാമത്തിന്റെ പുതിയ കമ്മിറ്റി നേതൃത്വം സജീവമായി പ്രവര്‍ത്തിക്കുന്നു. 2015 ല്‍ നാമവും മഞ്ചും കൂടി ചേര്‍ന്നായിരുന്നു ഓണാഘോഷം നടത്തിയത്. മിനിസ്ക്രീന്‍ താരങ്ങളെയൊക്കെ അണിനിരത്തിയായിരുന്നു അത് സംഘടിപ്പിച്ചത്. അതിനേക്കാള്‍ ഭംഗിയായ നിലയില്‍ ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുവാനുള്ള പ്രവര്ത്തനങ്ങള്അണിയറയില് തുടങ്ങി കഴിഞ്ഞു.’
കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികവും ഓണാഘോഷത്തോടൊപ്പം നടക്കുകയാണ്. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപകനും ന്യൂജേഴ്സിയിലെ മലയാളികളുടെ കാരണവരുമായ ടി എസ് ചാക്കോ ഈ അസുലഭ മുഹൂര്‍ത്തത്തെക്കുറിച്ചു വിശദീകരിക്കുന്നു.
‘കേരള കള്‍ച്ചറല്‍ ഫോറം തുടങ്ങിയിട്ട് 27വര്‍ഷം പിന്നിടുമ്പോള്‍ ന്യൂജേഴ്സി മലയാളികളുടെ സാംസ്കാരിക തലസ്ഥാനമായി മാറുകയാണ്. ന്യൂജേഴ്സിയിലെ മലയാളികള്‍ക്ക് ഒരു കുട നിവര്‍ത്തുന്നതുപോലെ ആയിരുന്നു സംഘടന തുടങ്ങുന്നകാലത്തു പ്രവര്‍ത്തനങ്ങള്‍. ഇന്ന് സംഘടന വളര്‍ന്നു വലുതായിരിക്കുന്നു. ഇന്നുവരെ നിരവധി സാംസ്കാരിക പരിപാടികള്‍ കേരള കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്സിയിലെ മലയാളികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ ഓണാഘോഷം ഞങ്ങള്‍ കൊണ്ടാടുന്നത്. മഞ്ച്, നാമം എന്നെ സംഘടനകളും ഒപ്പം ചേരുമ്പോള്‍ ഓണം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ന്യൂജേഴ്സിയിലെ മലയാളികള്‍ ആഘോഷിക്കും.’
മഞ്ച് പ്രസിഡന്റ്സജിമോന് ആന്റണി ഈ കൂട്ടായ്മയില്‍ അതീവ സന്തുഷ്ടിയോടെയാണ് പങ്കെടുക്കുന്നത്. ‘നമ്മുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ആണ് ഇപ്പോള്‍ കടന്നുവരുന്നത്. ഓണമാകുമ്പോള്‍ അടുത്ത വീട്ടിലൊക്കെ ഓണക്കളികളുമായും ഒക്കെ ഓണം ആഘോഷിച്ചിരുന്ന ഓണക്കാലം തിരികെ കൊണ്ടുവരാന്‍ ഒരു ശ്രമം. ഒത്തു പിടിച്ചാല്മലയും പോരും എന്ന് പറയും പോലെ ഒന്നായി നിന്ന് കൊണ്ട് ന്യൂജേഴ്സിയിലെ സാംസ്കാരികമായും, സാമൂഹ്യമായും ഒറ്റകെട്ടാണെന്നു തെളിയിക്കുകയാണിവിടെ അതിന്റെ ഒരുക്കങ്ങള്‍ തുടങ്ങി.’
മഞ്ച്, നാമം എന്നീ പ്രമുഖ സംഘടനകള്‍ ആദ്യമായി ഒപ്പം കൂടുകയാണ്. ഇതാദ്യമായി ഇക്കുറി ഒന്നിച്ച് ഓണം ആഘോഷിക്കുന്ന ന്യൂജേഴ്സി നിവാസികളുടെ ഓണംകേരളത്തിന്റെ പരിച്ഛേദംകൂടിയാകും. മൂന്ന് പ്രമുഖ മലയാളി സംഘടനകള്‍ ഇതാദ്യമായി ഒത്തുചേര്‍ന്നാണ് ഇപ്രാവശ്യം ഓണാഘോഷമൊരുക്കുന്നത്.
സെപ്റ്റംബര്‍ 18ന് ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പത് വരെ ബര്‍ഗന്‍ ഫീല്‍ഡിലെ സെന്റ് ജോണ്‍സ് കത്തോലിക്കാ ദേവാലയത്തിലെ കോണ്‍ഫറന്‍സ് ഹാളിലാണ് (19 എന്‍ വില്യം സ്ട്രീറ്റ്) ഓണപ്പരിപാടിയും ഓണസദ്യയും ഒരുങ്ങുക. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ റിവ ഗാംഗുലി ദാസ് മുഖ്യാതിഥിയായിരിക്കും. ബര്‍ഗന്‍ കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് ജയിംസ് ജെതെഡസ്കോട്ട്, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗുര്ബിയര്സ്ഗ്രേ വാള്, കൗണ്ടി ഭരണാധികാരികള്‍, സമീപ ടൗണിലെ മേയര്‍മാര്‍, സാമൂഹിക സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓണാഘോഷദിവസം വാദ്യമേളങ്ങളോടെയും താലപ്പൊലിയോടെയും മാവേലിയേയും അതിഥികളേയും വരവേല്‍ക്കും . തിരുവാതരികളി, വിവിധതരം നൃത്തനൃത്യങ്ങള്‍, ഗാനമേള, കോമഡിഷോ തുടങ്ങിയവ അരങ്ങേറും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കോണ്‍സുലേറ്റ് ജനറല്‍ മുഖ്യാതിഥിയായിരിക്കും. ബര്‍ഗന്‍ കൗണ്ടി ചീഫും പബ്ലിക് പ്രോസിക്യൂട്ടറുമായ ഗുര്ബീവര് എസ്. ഗ്രേവാളും മറ്റു പ്രമുഖരും സന്ദേശം നല്‍കും.
രാഷ്ട്രീയ, ജാതി, മതചിന്തകള്‍ക്കതീതമായി നടത്തപ്പെടുന്ന കേരളത്തിന്റെ ദേശീയ ഉത്സവം വന്‍ ആഘോഷമാക്കാനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കമ്മിറ്റിയും അതിന്റെ ചുമതല കൃത്യമായി നിര്‍വഹിക്കുമ്പോള്‍ പാരാതികള്ക്കിടം നല്‍കാതെ ന്യൂജേഴ്സിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഓണപ്പരിപാടിക്കായിരിക്കും മലയാളികള്‍ കാതോര്‍ക്കുക. മലയാളക്കരയുടെ ഗന്ധംനിറഞ്ഞു നില്ക്കുന്ന കലാപരിപാടികള്‍ക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും കൂടിയാകുമ്പോള്‍ ന്യൂജേഴ്സി കേരളത്തിന്റെ ഓണക്കാലങ്ങളിലേക്കു തിരിച്ചു പോകും.
ബിജു കൊട്ടാരക്കര അറിയിച്ചതാണിത്.