കേന്ദ്ര മന്ത്രിസഭയിലെ കോടിപതികളുടെ എണ്ണം 72 ആയി

08:58am 09/07/2016
images
ന്യൂഡല്‍ഹി: മന്ത്രിസഭാ വികസനത്തിനുശേഷം കേന്ദ്ര മന്ത്രിസഭയിലെ കോടിപതികളുടെ എണ്ണം 72 ആയി ഉയര്‍ന്നു. ഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ പഠനത്തിലാണ് പുതിയ വിവരങ്ങള്‍. മന്ത്രിസഭയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മന്ത്രിമാര്‍ 24 പേരുണ്ട്.കഴിഞ്ഞയാഴ്ച 19 പുതുമുഖങ്ങളെ ചേര്‍ത്ത് മന്ത്രിമാരുടെ എണ്ണം 78 ആയി വികസിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിപക്ഷവും കോടിപതികളാണ്. മധ്യപ്രദേശിലെ രാജ്യസഭാംഗമായ എം.ജെ. അക്ബറാണ് പുതുമുഖങ്ങളില്‍ ഏറ്റവും വലിയ സമ്പന്നന്‍.

44.90 കോടിയാണ് ഇദ്ദേഹത്തിന്‍െറ സ്വത്ത്. പുതിയ മന്ത്രിമാരുടെ ശരാശരി സ്വത്ത് 8.73 കോടിയും മൊത്തം മന്ത്രിമാരുടെ ശരാശരി 12.94 കോടിയുമാണ്.മധ്യപ്രദേശില്‍നിന്നുള്ള പുതുമുഖവും പരിസ്ഥിതി മന്ത്രിയുമായ അനില്‍ മാധവ് ദേവ് ആണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള ആള്‍. 60.97 ലക്ഷമാണ് ഇദ്ദേഹത്തിന്‍െറ ആസ്തി.മന്ത്രിമാരില്‍ ആറുപേര്‍ മാത്രമാണ് കോടിയില്‍ കുറഞ്ഞ സ്വത്തുളവര്‍. മന്ത്രിസഭയില്‍ 63 പേര്‍ ബിരുദധാരികളും 14 പേര്‍ അതിന് താഴെ വിദ്യാഭ്യാസമുള്ളവരുമാണ്.