കേരളം ചുട്ടു പൊളളുന്നു

08:55am 27/04/2016
cd43546d4d184ebecd69d0c0f8ed6ee7

വേനല്‍ച്ചൂടില്‍ പൊളളുന്നു സംസ്ഥാനത്ത് സൂര്യാതപത്തില്‍ ജനം വലയുന്നു. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് സൂര്യാതപത്തില്‍ പൊള്ളലേറ്റു. കടുത്ത വേനലിനൊപ്പം ജലക്ഷാമവും രൂക്ഷമായി. പൊരിയുന്ന പാലക്കാട് ഇതാദ്യമായി 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. മലമ്പുഴ ഡാമിനോട് അനുബന്ധിച്ചുള്ള ജലസേചന വകുപ്പിന്റെ താപമാപിനിയിലാണ് ചൊവ്വാഴ്ച ഇത്രയും ചൂട് രേഖപ്പെടുത്തിയത്. 2010ലെ 41.5 ഡിഗ്രിയാണ് ഇതുവരെയുള്ള ഉയര്‍ന്ന ചൂട്. ഈ സീസണില്‍ ഏപ്രില്‍ 19 ന് ഇവിടെ 41.1 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച പാലക്കാട്ട് ജില്ലയില്‍ ശരിക്കും തീചൂടാണ് അനുഭവപ്പെട്ടത്. മലമ്പുഴയിലെ ജലസേചന വകുപ്പിന്റെ പക്കലുള്ള 36 വര്‍ഷത്തെ രേഖകളില്‍ 41.9 ഡിഗ്രി ചൂട് ഒരുസമയത്തും രേഖപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 27.1 ഡിഗ്രിയാണ്. മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജിയില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയ കൂടിയ ചൂട് 40.5 ഡിഗ്രിയും കുറഞ്ഞത് 28.5 ഡിഗ്രിയുമാണ്.
വയനാട്ടില്‍ വാകേരി ഗവ. സ്‌കൂളില്‍ പെയിന്റിങ് ജോലി ചെയ്തിരുന്ന എടക്കാട്ട് വിനീഷിന് (38) മുഖത്ത് പൊള്ളലേറ്റു. മൂക്കില്‍ കുമിളയും മുഖത്ത് പൊള്ളിയ പാടുകളുമുണ്ട്.
കണ്ണൂര്‍ ചെറുപുഴ പുളിങ്ങോം മഖാം ഉറൂസ് നഗരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചെറുപുഴ സ്‌റ്റേഷനിലെ എ.എസ്.ഐ എം.ജെ. ജോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ടി. ഭാസ്‌കരന്‍ എന്നിവര്‍ക്ക് പൊള്ളലേറ്റു. പാലക്കാട് വാളയാര്‍ ഫോറസ്റ്റ് ട്രെയ്‌നിങ് അക്കാദമിയിലെ ഫോറസ്റ്റ് ഓഫിസര്‍ ട്രെയ്‌നികള്‍ക്ക് സൂര്യാതപമേറ്റു. രംജീഷ് എന്‍. രാജന്‍, ഉല്ലാസ് എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. തൊടുപുഴ ചീങ്കല്‍ സിറ്റി സ്വദേശി കടയിക്കാട്ട് അംജിത്തിന് (27) ആശാരിപ്പണിക്കിടെ പൊള്ളലേറ്റു. കരുനാഗപ്പള്ളിയില്‍ നിര്‍മാണജോലിക്കിടെ പടനായര്‍കുളങ്ങര വടക്ക് വാണിച്ചിലത്തേ് വീട്ടില്‍ അഷ്‌റഫിന് (52) സൂര്യാതപമേറ്റു. കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് പള്ളിയങ്കണത്തില്‍ നിര്‍മിക്കുന്ന ഷെഡിന്റെ നിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴായിരുന്നു സംഭവം.
കൊട്ടിയം മയ്യനാട് ആലുംമൂട് ഓട്ടോ സ്റ്റാന്‍ഡിലെ െ്രെഡവര്‍ തെക്കുംകര മാടച്ചിറ ഹൗസില്‍ സിയാദിനും (38) സൂര്യാതപമേറ്റു. യാത്രക്കാരുമായി നെടുമണ്‍കാവില്‍ പോയി മടങ്ങവേയാണ് മുതുകില്‍ പൊള്ളലേറ്റത്. മലപ്പുറം ജില്ലയില്‍ ഇന്നലെവരെ 16 പേര്‍ക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാന ജലസ്രോതസ്സുകളായ ഭാരതപ്പുഴ, കുന്തിപ്പുഴ, കടലുണ്ടി, ചാലിയാര്‍ എന്നിവയില്‍ വെള്ളം നീര്‍ച്ചാലായി മാറി