കേരളത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ വിഷിംഗ്ടണ്‍ ഡി.സി

08:22am 29/4/2016

ജോയിച്ചന്‍ പുതുക്കുളം
keralotsavam_pic1
വാഷിംഗ്ടണ്‍ ഡി.സി: കേരളോത്സവം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ കേരളത്തിന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ മേരിലാന്റിലും, വിര്‍ജീനിയയിലും, ഡി.സിയിലും വസിക്കുന്ന മലയാളികള്‍ അത്യുത്സാഹപൂര്‍വ്വം പ്രവര്‍ത്തനം ആരംഭിച്ചു. കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും, കൈരളി ഓഫ് ബാള്‍ട്ടിമോറും, കേരള കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി ഈ മേള കൊണ്ടാടുവാന്‍ കൈകോര്‍ത്തുകഴിഞ്ഞു.

ആഘോഷങ്ങള്‍ക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 24-നു റോക്ക് വില്ലിലുള്ള ബെല്‍ എലിമെന്ററി സ്‌കൂളില്‍ നടന്നു. ഹെര്‍ഷന്‍ നമ്പ്യാരും, മാര്‍ഷല്‍ നമ്പ്യാരും ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടുകൂടി യോഗം ആരംഭിച്ചു.

കേരളോത്പത്തിയുടെ പ്രാധാന്യത്തെപ്പറ്റിയും കേരളപ്പിറവിയിലേക്ക് നയിച്ച പല സംഭവങ്ങളെപ്പറ്റിയും കണ്‍വീനര്‍മാരിലൊരാളായ തോമസ് ജോസ് സംസാരിച്ചു. തിരുവിതാംകൂര്‍ ഇന്ത്യയുമായി ചേരുന്നതിനു വഴിതെളിച്ച ഉത്കണ്ഠാജനകവും, രക്തരൂക്ഷിതവുമായ സംഭവവികാസങ്ങള്‍ അദ്ദേഹം സദസിനെ ഓര്‍മ്മപ്പെടുത്തി. ഇത്തരം ചരിത്രസംഭവങ്ങള്‍ അയവിറക്കുന്നതിനുള്ള വിശദമായ പ്രഭാഷണം പരിപാടികളില്‍ ഉള്‍പ്പെടുത്തുന്നത് വിജ്ഞാനപ്രദമായിരിക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റൊരു കണ്‍വീനറായ മനോജ് ശ്രീനിലയം ഈ സംരംഭത്തിനുവേണ്ടി രൂപീകരിച്ച പ്രവര്‍ത്തകസമിതിയുടെ ഘടനയും ഉത്തരവാദിത്വവും വിവരിക്കുകയും പ്രവര്‍ത്തകരെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു.

കേരളോത്സവത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുവാന്‍ തീരുമാനിച്ച തൈക്കുടം ബ്രിഡ്ജ് ഷോയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കുട്ടി മേനോന്‍, രാജ് കുറുപ്പ്, പാര്‍ത്ഥസാരഥി പിള്ള, സനല്‍ ഗോപി എന്നിവര്‍ ആദ്യ ടിക്കറ്റുകള്‍ വാങ്ങി.

കൈരളിയുടേയും കെ.സി.എസിന്റേയും, കെ.എ.ജി.ഡബ്ല്യുവിന്റേയും പ്രസിഡന്റുമാരായ സാജു മര്‍ക്കോസ്, വസന്ത് നമ്പ്യാര്‍, രഘു നമ്പിയത്ത് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുകയും സദസ്യരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു. ചോദ്യോത്തര വേളയില്‍ വളരെ സജീവമായി പങ്കെടുത്ത സദസ്യര്‍ കാര്യക്ഷമമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചുകൊണ്ട് വിപുലമായ ആഘോഷങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി.

കണ്‍വീനര്‍ അനില്‍ നായര്‍ സ്വാഗതം പറഞ്ഞു. ജോ. കണ്‍വീനര്‍ ശ്യാമിലി അഹമ്മദാണ് മീറ്റിംഗ് ഹോസ്റ്റ് ചെയ്തത്. കലാപരിപാടികളും ലഘുഭക്ഷണവും പരിപാടികള്‍ക്ക് രുചി പകര്‍ന്നു.