കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള അഞ്ചുലക്ഷം ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഗുജറാത്ത് ദലിത് സമരനായകന്‍ അഡ്വ. ജിഗ്നേഷ് മേവാനി

10:55 am 15/10/2016
download

തൃശൂര്‍: ഗുജറാത്തില്‍ ഭൂസമരത്തിനൊപ്പം നിന്ന സി.പി.എം കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള അഞ്ചുലക്ഷം ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഗുജറാത്ത് ദലിത് സമരനായകന്‍ അഡ്വ. ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. അതിന് തയാറായില്ളെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ദലിതര്‍ നടത്തുന്ന സമരത്തിന്‍െറ മുന്‍നിരയില്‍ താനുമുണ്ടാകുമെന്ന് ഗുജറാത്ത് ഭൂസമര നായകനായ മേവാനി മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ തെക്കേഗോപുരനടയില്‍ ദലിത് ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാറിനെതിരെ ദലിത്, ആദിവാസി, മുസ്ലിംകളുടെ യോജിച്ച പോരാട്ടം അനിവാര്യമാണ്. ഗുജറാത്തില്‍ തുടങ്ങിയ ഭൂസമരം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി കേരളത്തില്‍ അടക്കം വ്യാപിപ്പിച്ച് ദേശീയതലത്തില്‍ അടിസ്ഥാനവര്‍ഗങ്ങള്‍ ഒറ്റക്കെട്ടായി നടത്തേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അദാനി, അംബാനി അടക്കം കോര്‍പറേറ്റുകളില്‍നിന്ന് ഭൂമി പിടിച്ചെടുക്കാന്‍ ഉപജാതി സംഘടനാ ചേരിതിരിവുകള്‍ മാറ്റിവെച്ച് ദലിതര്‍ ഒറ്റശ്വാസത്തില്‍ പൊരുതേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശത്തിനായി അടിസ്ഥാന ജനതയുടെ കാഹളം മുഴങ്ങുമ്പോള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ അതിന് മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

സവര്‍ണ ഫാഷിസം ഇന്ത്യന്‍ ജനതക്കുമേല്‍ അടിച്ചേല്‍പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ യോജിച്ച പോരാട്ടമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. സാധാരണഗതിയില്‍ അതിക്രമങ്ങള്‍ നടത്തുന്നവന്‍െറ മുഖത്ത് പരിഭ്രമം തെളിയുക സ്വാഭാവികമാണ്. എന്നാല്‍, നരേന്ദ്ര മോദി ഡല്‍ഹി ഭരിക്കുമ്പോള്‍ ഗുജറാത്തില്‍ ദലിതരെ പീഡിപ്പിക്കുന്നതിന്‍െറ ചിത്രങ്ങളെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആനന്ദം കണ്ടത്തെുന്നത് മൗലികാവകാശമാണെന്ന വിധത്തിലാണ് സവര്‍ണര്‍ പെരുമാറുന്നത്. ‘വൈബ്രന്‍റ് ഗുജറാത്ത്’ എന്ന പേരില്‍ ആഗോള ഉച്ചകോടി നടക്കുന്ന ഗുജറാത്തില്‍ അടിസ്ഥാനവര്‍ഗത്തിന്‍െറ മിനിമംവേതനം 100 മുതല്‍ 115 രൂപ മാത്രമാണ്. മഹാരാഷ്ട്രയില്‍ ദലിത് സംവരണം എടുത്തുകളഞ്ഞ് മറാത്തികള്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം, നിയമത്തിന്‍െറ ആനുകൂല്യത്തില്‍ അടിസ്ഥാനവര്‍ഗത്തിന്‍െറ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്‍െറ ഭാഗമാണ്.
ബ്രാഹ്മണിസത്തിനും മനുവാദത്തിനും എതിരെ മുദ്രാവാക്യം മുഴക്കുന്നതിനൊപ്പം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം അടക്കം അടിസ്ഥാന ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചായിരിക്കണം സമരം നടത്തേണ്ടത്. അല്ളെങ്കില്‍ പോരാട്ടത്തിലൂടെ സാമൂഹികസുരക്ഷ ലഭിക്കുമ്പോള്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടാത്ത ജനതയായി പരിണമിക്കപ്പെടുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ബ്രാഹ്മണിസമാണ് ഇന്ത്യന്‍ ഫാഷിസം’ പ്രമേയത്തിന്‍െറ അടിസ്ഥാനത്തില്‍ നടന്ന പരിപാടിയില്‍ ടി.കെ. വാസു അധ്യക്ഷത വഹിച്ചു. ആനന്ദ് ഹോവല്‍, മൂലനിവാസിമാല, കിഷോര്‍ സാര്‍ഡക്(മഹാരാഷ്ട്ര), മുരുകവേല്‍ (തമിഴ്നാട്), പി.സി. ഉണ്ണിച്ചെക്കന്‍, എം.എ. ലക്ഷ്മണന്‍, സി.എസ്. മുരളി, സതി അങ്കമാലി, മോന്‍സി, പി.ടി. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകാശന്‍ അറക്കല്‍ സ്വാഗതവും കെ.വി. സനല്‍ നന്ദിയും പറഞ്ഞു.