കേരളത്തില്‍ നിയമവാഴ്ച്ച തകര്‍ന്നു : രമേശ് ചെന്നിത്തല

12.43 AM 15-06-2016
maxresdefault-4
പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയും മുന്‍പേ കേരളത്തിലെ നിയമവാഴ്ച്ച തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടക്കത്തിലെ ഇതാണ് സ്ഥിതിയെങ്കില്‍ അഞ്ച് വര്‍ഷം സംസ്ഥാനത്തിന്റെ സ്ഥിതി എന്താകുമെന്നും ചെന്നിത്തല ചോദിച്ചു. എസ് എഫ് ഐക്കാരെയും സി ഐ ടി യു ക്കാരെയും അഴിച്ച് വിട്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ കായികമായി ഇല്ലാതാക്കാനാണ് സി പി എം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കെ എസ് യു നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനും മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഹൈക്കോടതി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സംസ്ഥാനത്ത് സി.പി.എമ്മിന് ഒരു നിയമം ബി.ജെ.പി കാര്‍ക്ക് മറ്റൊരു നിയമം മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമം എന്നതാണ് സര്‍ക്കാര്‍ നയം. ഒരു മാസം മുന്‍പ് വരെ നിഷ്പക്ഷമായ രീതിയിലായിരുന്നു പൊലിസ് പ്രവര്‍ത്തിച്ചിരുന്നത്. പൊലിസിനെ ഉപയോഗിച്ച് എതിര്‍ശബ്ദം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊലിസ് സ്റ്റേഷനുള്ളില്‍ വച്ച് ഡി.സി.സി നേതാവ് തമ്പി സുബ്രഹ്മണ്യനെ കയ്യേറ്റം ചെയ്യുകയും പി.ടി തോമസ് എം.എല്‍.എയെ ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്ത എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പോലും തയാറാകാത്ത പൊലിസ് എസ.എഫ്.ഐക്കാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായ കെ.എസ്.യു നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലില്‍ അടച്ചത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്ത് വ്യാപകമായി ഇടത് യുവജന, വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിടുകയാണ്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ സൈര്യ ജീവിതം നഷ്ടപ്പെട്ടു. അക്രമികളെ പിടികൂടാനും നിലയ്ക്ക് നിര്‍ത്താനും പിണറായി വിജയന് തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലൊസ് അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ ബാബു, എം.എല്‍.എ മാരായ പി.ടി തോമസ്, വി.ഡി സതീശന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, കോണ്‍ഗ്രസ് നേതാക്കളായ എന്‍ വേണുഗോപാല്‍, കെ.പി ധനപാലന്‍, കെ.എം.ഐ മേത്തര്‍, ഡോമിനിക് പ്രസന്റെഷന്‍, ലൂഡി ലൂയിസ്, വത്സല പ്രസന്നകുമാര്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, തമ്പി സുബ്രഹ്മണ്യം, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.