കേരളപ്പിറവി വിവാദത്തിൽ സ്പീക്കറുടെ ഖേദപ്രകടനം; ക്ഷമചോദിച്ച് ഗവർണ്ണർക്ക് കത്ത്.

06:52 pm 6/11/2016

images
തിരുവനന്തപുരം: കേരളപ്പിറവി വജ്ര ജൂബിലി ആഘോഷ വിവാദത്തിൽ ഗവർണ്ണര്‍ പി സദാശിവത്തോട് ഖേദം പ്രകടിപ്പിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. ഗവർണ്ണറെ അവഗണിച്ചിട്ടില്ലെന്നും ഒരു വർഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായുള്ള മറ്റൊരു പ്രധാന പരിപാടിയിൽ ഗവർണ്ണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നും സ്പീക്കർ വിശദീകരിച്ചു. ഗവർണ്ണർക്ക് അതൃപ്തി ഉള്ളതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതുകൊണ്ടാണ് ക്ഷമാപണമെന്നും കത്തിലൂടെ സ്പീക്കർ വ്യക്തമാക്കി.
നിയമസഭാ മന്ദിരത്തിൽ നടന്ന കേരളപ്പിറവി വജ്ര ജൂബിലി ആഘോഷത്തിൽ നിന്നും ഗവർണ്ണറെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. സമയം ചോദിച്ച ശേഷം ഒഴിവാക്കിയതിൽ ഗവർണ്ണർ അതൃപ്തനായിരുന്നു. ക്ഷമചോദിച്ച് സ്പീക്കർ നൽകിയ കത്തിൽ പറയുന്നത് ഇങ്ങിനെ. ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടിയുടെ സമാപനത്തിലോ മറ്റൊരു സുപ്രധാന ചടങ്ങിലോ ഗവർണ്ണറെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം.
ഇതിനിടെ നവംബർ ഒന്നിന് ഗവർണ്ണർ സ്ഥലത്തുണ്ടാകുമോ എന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അന്വേഷിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. ഗവർണ്ണർ അതൃപ്തനാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതനുസരിച്ചാണ് ക്ഷമ ചോദിക്കുന്നത്.ബോധപൂർവ്വം അവഗണിക്കാൻ ശ്രമിച്ചില്ലെന്നാണ് സ്പീക്കറുടെ വിശദീകരണം. ഒരു പാട് പേർ വേദിയിലുള്ളപ്പോൾ ഗവർണ്ണർ പങ്കെടുക്കുമ്പോൾ പ്രോട്ടോക്കോൾ പ്രശ്നമുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ഗവർണ്ണറെ ഉദ്ഘാടനചടങ്ങിൽ പങ്കെടുപ്പിക്കാൻ നിയമസഭാ സെക്രട്ടറിയേറ്റ് ഒരു ഘട്ടത്തിൽ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ക്ഷമാപണ കത്ത്.