കേരളസമാജം പുതിയ ഉയരങ്ങളിലേക്ക്

1:05pm 12/3/2016

ജോയിച്ചന്‍ പുതുക്കുളം
KeralaSamajam_pic1
മയാമി: മുപ്പത്തിമൂന്നുവര്‍ഷത്തെ സംഘചേതനയുടെ കരുത്തും നവീന ആശയങ്ങളും അതിലധികം സമര്‍പ്പണബോധവുമാണ് കേരള സമാജം ഓഫ് ഫ്‌ളോറിഡ എന്ന മലയാളി സംഘടനയെ എന്നും ശ്രദ്ധേയമാക്കിയതെങ്കില്‍, മാറുന്ന കാലത്തിനനുയോജ്യമായ കര്‍മ്മപദ്ധതികളിലൂടെ പ്രവാസി സംഘടനകള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശനവും പ്രചോദനവുമായിത്തീരുവാന്‍ കേരളസമാജം അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട്.

ഒരു സാധാരണ പ്രവാസി സംഘടനയുടെ പ്രവര്‍ത്തനമേഖലകളായ കലാ-സാംസ്‌കാരിക-സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചക്രവാളസീമയ്ക്കപ്പുറത്തേയ്ക്ക് വളര്‍ന്നുവലുതാകാന്‍ മൂന്നു പതിറ്റാണ്ടുമുമ്പ് മയാമിയില്‍ നട്ടുനനച്ച ഈ മലയാളി സംഘടനയ്ക്ക് കഴിഞ്ഞു.

അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്‌ക്വയര്‍ ഡേവി നഗരസഭയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നതിനു നേതൃത്വം നല്‍കി. അതിന്റെ സമര്‍പ്പണത്തിന്റെ ഇന്ത്യയുടെ ആദരണീയനായ മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനു ആതിഥ്യമരുളുന്നതിനും, ഈ സംഘടനയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഓര്‍മ്മയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റിന്റേയും കേരള ഗവണ്‍മെന്റിന്റേയും സാമ്പത്തിക പങ്കാളിത്തത്തോടുകൂടി എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമപഞ്ചായത്തില്‍ 75 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതും, അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന പേംബ്രൂക്ക് പൈന്‍സ് മുനിസിപ്പല്‍ സിറ്റിയുടെ അമ്പതും അമ്പത്തിയൊന്നും ജൂബിലിവര്‍ഷത്തോടനുബന്ധിച്ച് മൂന്നു ദിവസത്തെ കള്‍ച്ചറല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സിറ്റി അധികാരികള്‍ ഔപചാരികമായി ചുമതലപ്പെടുത്തിയതും, അറുപത് ഏക്കര്‍ വരുന്ന സിറ്റി സ്റ്റേഡിയത്തില്‍ ‘ഇന്ത്യന്‍- അമേരിക്കന്‍ ഫെസ്റ്റ്’ വിജയകരമായി ഏറ്റെടുത്ത് നടത്തി സൗത്ത് ഫ്‌ളോറിഡയിലെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധ നേടുവാന്‍ കഴിഞ്ഞതും പലതില്‍ ചിലതുമാത്രമാണ്.

ഇന്ന് ഈ കര്‍മ്മബന്ധമാണ് സൗത്ത് ഫ്‌ളോറിഡയിലെ നിരവധി മുനിസിപ്പല്‍ സിറ്റി ഭരണാധികാരികളുമായും മുഖ്യധാരാ രാഷ്ട്രീയ നേതാക്ക•ാരുമായും കേരള സമാജം ഓഫ് ഫ്‌ളോറിഡ എന്ന മലയാളി സംഘടനയ്ക്കുള്ള മുതല്‍ക്കൂട്ട്.

കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ 2016 വര്‍ഷത്തെ സാരഥിയായി ജോസ്മാന്‍ കരേടന്റെ നേതൃത്വത്തിലുള്ള പ്രഗത്ഭരുടെ ഒരു നേതൃനിരയാണ് പുതിയ കര്‍മ്മപദ്ധതികളുമായി കേരള സമാജത്തെ നയിക്കുന്നതിനു മുന്നോട്ടുവന്നിരിക്കുന്നത്.

കേരള സമാജത്തിന്റെ കിഡ്‌സ് ക്ലബ് മുതല്‍ എല്‍ഡേഴ്‌സ് ഫോറം വരെ ഏവരേയും ഏകോപിപ്പിച്ച് പുതിയ കര്‍മ്മപരിപാടികള്‍ക്ക് രൂപംകൊടുക്കുകയാണ്.

എല്ലാ ശനിയാഴ്ചയും ബുധനാഴ്ചയും വൈകുന്നേരം 6 മണി മുതല്‍ മലയാളി എഫ്.എം റേഡിയോ ‘നമസ്‌തേ മയാമി’ എന്ന പേരില്‍ മയാമിയില്‍ നിന്നും കേരള സമാജത്തിന്റെ റേഡിയോ ജോക്കികള്‍ മയാമി വിശേഷങ്ങള്‍ ലോകത്തിന് പങ്കുവെയ്ക്കുന്ന ന്യൂജനറേഷന്‍ പരിപാടി ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. കേരള സമാജം 2003-ല്‍ ആദ്യമായി അമേരിക്കയില്‍ ‘സൗത്ത് ഫ്‌ളോറിഡ നെഹ്‌റു ട്രോഫി’ എന്ന പേരില്‍ ആരംഭിച്ച വള്ളംകളി മത്സരം ഈവര്‍ഷം ഒക്‌ടോബര്‍ ഒന്നാംതീയതി ഇന്റര്‍നാഷണല്‍ തലത്തിലുള്ള വള്ളംകളി മത്സരമാക്കി മാറ്റുന്നതിനുള്ള പരിശ്രമത്തിലാണ്.

ലോക ഭൂപടത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മയാമിയില്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ‘കേരള കള്‍ച്ചറല്‍ സെന്റര്‍’ ഉയര്‍ത്തുവാനുള്ള ആരംഭവുമായി കേരള സമാജം കമ്മിറ്റി മുന്നോട്ടുപോകുമ്പോള്‍ എല്ലാവിധ സഹകരണവുമായി അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല, ഭരണാധികാരികളും കൂടെയുണ്ട്.

വൈവിധ്യമാര്‍ന്ന കലാപരിപാടികളുടെ അകമ്പടിയോടെ കേരള സമാജത്തിന്റെ 2016-ലെ കമ്മിറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം 2016 ഫെബ്രുവരി 20-നു ഡേവി ഇന്ത്യന്‍ റിഡ്ജ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിന് മുന്നില്‍ വിശിഷ്ടാതിഥികള്‍ നിറതിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു.

നൃത്തസംഗീതസാന്ദ്രമായ കലാപരിപാടികളില്‍ രസകരമായ സ്‌കിറ്റുകളും, തരുണീമണികളുടെ ചാരുതയാര്‍ന്ന ഫാഷന്‍ഷോയും, റിഥം ഓഫ് ഡാന്‍സ്, ടെമ്പിള്‍ ഓഫ് ഡാന്‍സ്, നോവ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്നുള്ള കുട്ടികളുടെ നൃത്തങ്ങളും, ഗാനമേളയും വേദിയെ അത്യന്തം മോടിപിടിപ്പിച്ചു.

ജോസ്മാന്‍ കരേടന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി ആനി മാത്യുവും, സെക്രട്ടറിയായി നോയല്‍ മാത്യുവും, ജോയിന്റ് സെക്രട്ടറിയായി പത്മകുമാര്‍ കെ.ജിയും, ട്രഷററായി പ്രിന്‍സ് ജോസഫും, ജോയിന്റ് ട്രഷററായി ജിബുവിന്‍ കുളങ്ങരയും സ്ഥാനമേറ്റു.

കമ്മിറ്റി അംഗങ്ങളായി ബേബി വര്‍ക്കി, ചെറിയാന്‍ അബ്രഹാം, ലിജു കാച്ചപ്പിള്ളി, നെന്‍സണ്‍ ചാലിശേരി, പീറ്റോ സെബാസ്റ്റ്യന്‍, റോബിന്‍സ് ജോസ്, സേവി മാത്യു, ഷിബു ജോസഫ്, നിക്‌സണ്‍ ജോസഫ്, ഷേര്‍ലി തോമസ്, ഡേവിസ് വര്‍ഗീസ്, സുധീഷ് പി.കെ, ഷിബു ജോസഫ്, ചാര്‍ലി പൊറത്തൂര്‍ എന്നിവരേയും സാജന്‍ മാത്യുവിനെ അടുത്തവര്‍ഷത്തെ പ്രാസിഡന്റായും തെരഞ്ഞെടുത്തു. എക്‌സ് ഒഫീഷ്യോ ആയി സജി സക്കറിയയും, അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ആയി ജോസഫ് ജയിംസും സ്ഥാനമേറ്റു.

ഉദ്ഘാടന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ആനി മാത്യു സ്വാഗതവും, കൃതജ്ഞത സെക്രട്ടറി നോയല്‍ മാത്യുവും പറഞ്ഞപ്പോള്‍, മാസ്റ്റര്‍ ഓഫ് സെറിമണിയായി ജാന്‍സി ഷാലെറ്റും, സിജോ അനൂപും പരിപാടികള്‍ക്ക് മാറ്റുകൂട്ടി. കേരള സമാജത്തിന്റെ കമ്മിറ്റി അംഗങ്ങളും മുന്‍ ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോയി കുറ്റിയാനി അറിയിച്ചതാണിത്.