കേരളാ ഹൗസിലെ വ്യാജന്മാര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം

02.09 AM 08-09-2016
kerala-house-story_647_110415053134
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ദില്ലി കേരള ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ദില്ലി പൊലീസിനോട് റെസിഡന്റ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. 41 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെ കുറിച്ച് റെസിഡന്റ് കമ്മീഷണര്‍ അന്വേഷിക്കും.
കേരള ഹൗസിലെ ഗസ്റ്റ് ഹൗസ് വിഭാഗത്തിലെ ജീവനക്കാരായ വസുമോഹന്‍, ശശിധരന്‍, ബിജുകുമാര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ദില്ലി റസിഡന്റ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഈ ഉദ്യാഗസ്ഥരെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഉദ്യോഗക്കയറ്റത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിന്റെ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ ഹാജരാക്കിയത്. എല്ലാ സര്‍ട്ടിഫിക്കറ്റിലും ഓരേ രജിസ്!ട്രേഷന്‍ നമ്പര്‍ പിന്നീട് കണ്ടെത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ശാസനമാത്രമായിരുന്നു.
സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശമനുസരിച്ചാണ് ഇവര്‍ക്കെതിരെ നിയമ നടപടികള്‍ റസിഡന്റ് കമ്മീഷണര്‍ ദില്ലി പൊലീസിന് കൈമാറിയത്. ഇതോടൊപ്പം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനധികൃതമായി 41 പേരെ സ്ഥിരപ്പെടുത്തിയത് സംബന്ധിച്ച ഹരജിയില്‍ അന്വേഷണത്തിന് ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേരള ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ ഓഫീസ് അറിയിച്ചു.