കേരള അസോസിയേഷന്‍ ഓഫ് ഓഹായോയുടെ ഓണാഘോഷം വര്‍ണ്ണാഭമായി

09; pm 20/9/2016
Newsimg1_24553626
ഒഹായോ: കേരള അസോസിയേഷന്‍ ഓഫ് ഓഹായോയുടെ പതിനെട്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ 17 ന് കെങ്കേമമായി നടത്തപ്പെട്ടു. ക്ലീവ്‌ലാന്റിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹം ഒന്നായി ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. അസോസിയേഷന്റെ പ്രസിഡന്റ്­ റോബിന്‍ റോയ്, വൈസ് പ്രസിഡന്റ്­ മേഘ മേനോന്‍, സെക്രട്ടറി ബിജിത്ത് നമ്പ്യാര്‍, ജോയിന്റ് സെക്രട്ടറി ബബിത പവിത്രന്‍, ട്രെഷറര്‍ ജിന്‌സന്‍ ജോസഫ്­, ഓഡിറ്റര്‍ അലോഷ്യസ് ചെമ്മലക്കുഴി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കോഴിക്കോട്ടു കുമാരനും പ്രേമ കുമാരനും നിലവിളക്കില്‍ നിറദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ച ആഘോഷ പരിപാടികളില്‍ ഡോക്ടര്‍ പരമേശ്വരന്‍ രാമകൃഷ്ണന്‍ തിരുവോണസന്ദേശം നല്‍കി. തുടര്‍ന്ന് താലപ്പൊലിയുമായി മഹാബലിയുടെ എഴുന്നള്ളത്തും, തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. ബ്രിജേഷ് ജോര്‍ജ് സംവിധാനം ചെയ്ത ന്യൂജെന്‍ മണിച്ചിത്രത്താഴ് ഹാസ്യ നാടകം എല്ലാവരെയും ആകര്‍ഷിച്ചു.

പായസ മത്സരത്തില്‍ വിജയികളായ ദേവി സൗമ്യ, ഷീല ജേക്കബ്, അനുപമ കൃഷ്ണന്‍ എന്നിവര്‍ക്കും, അസോസിയേഷന്റെ പുതിയ വെബ്‌­സൈറ്റ് നിര്‍മ്മിച്ച റോഹന്‍ പിള്ളക്കും മുന്‍ പ്രസിഡന്റ്­ സ്കറിയ തോമസ് സമ്മാനങ്ങള്‍ വിതരണം നടത്തി. വൈകിട്ട് തിരുവോണ സദ്യയോടെ ആഘോഷങ്ങള്‍ക്ക് വിരാമമായി.