കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ അർഹമായ സ്ഥാനം നൽകിയിരുന്നുവെന്ന് രമേശ് ചെന്നിത്തല

03:19 pm 08/08/2016
download (4)
തിരുവനന്തപുരം:.കേരള കോൺഗ്രസിനെയോ കെ.എം മാണിയെയോ ഒരു ഘട്ടത്തിലും തള്ളിപ്പറയാനോ ദുർബലപ്പെടുത്താനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മാണിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ യു.ഡി.എഫിൽ ഉന്നയിക്കാമായിരുന്നു. യു.ഡി.എഫിലെ ഏറ്റവും മുതിർന്ന നേതാവായിരുന്നു മാണി. യു.ഡി.എഫിലെ മൂന്നാമത്തെ കക്ഷിയെന്ന നിലയിലുള്ള പ്രാധാന്യം എന്നും നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് പറഞ്ഞ കാരണങ്ങൾ ബന്ധം അവസാനിപ്പിക്കാൻ തക്ക കാരണമായി കരുതുന്നില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

താൻ ആഭ്യന്തര മന്ത്രിയായ കാലത്താണ് മാണിക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ പരാതിയിൽ ത്വരിതാന്വേഷണം നടത്തിയത്. എന്നാൽ വിജിലൻസിന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ താൻ ശ്രമിച്ചിരുന്നില്ല. മാണി നിരപരാധിയെന്ന് തന്നെയാണ് താനും യു.ഡി.എഫും ആവർത്തിച്ചത്. കൊഗ്നിസിബിൾ ഒഫെൻസ് ഉണ്ടായതിനാലാണ് എഫ്.ഐ.ആർ ഇട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കയ്യില്‍ ആരോപണങ്ങള്‍ക്ക് അനുസൃതമായ മൊഴി മാത്രമാണുണ്ടായിരുന്നത്. സാക്ഷികള്‍ മൊഴികൊടുക്കാന്‍ തയാറാകാത്തതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ ഇട്ടത്. ബാബുവിന്‍റെ കാര്യത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതില്‍ രണ്ടിലും മന്ത്രിയെന്ന നിലയില്‍ താന്‍ ഇടപെട്ടിട്ടില്ല. പിന്നീട് ത്വരിതാന്വേഷണവും കഴിഞ്ഞ് മാണിക്ക് ക്ലീൻ ചീറ്റ് ലഭിച്ചതും കോൺഗ്രസ് സർക്കാറിന്‍റെ കാലത്ത് തന്നെയാണ്. ഇന്നും മാണി നിരപരാധിയെന്ന് താനും കോൺഗ്രസും വിശ്വസിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മാണിയോടും കേരള കോണ്‍ഗ്രസിനോടും മുന്‍ സമീപനം തുടരുമെന്നും എന്നാല്‍ യു.ഡി.എഫിനെതിരെ ആരോപണമുന്നയിച്ചാല്‍ മറുപടി പറയേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു. ബാര്‍ കേസ് നിലനില്‍ക്കുമ്പോഴും യുഡിഎഫും കോണ്‍ഗ്രസും നെഞ്ചു കൊടുത്ത് കൂടെ നിന്നാണ് മാണിക്ക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അവസരമൊരുക്കിയത്. യു.ഡി.എഫിന്‍റെ ധീരമായ തീരുമാനമായിരുന്നു അത്. അതിനാൽ തന്നെ കേരള കോൺഗ്രസ് എം മുന്നണി വിട്ട് പോയത് ശരിയായ നിലപാടല്ലെന്നുംചെന്നിത്തല വ്യക്തമാക്കി.