കേരള വികസനത്തിന് ഭരണത്തുടര്‍ച്ച അനിവാര്യം: ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ

10:46am 4/5/2016
Newsimg1_84901080

ഷിക്കാഗോ: കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യമുന്നണി അധികാരത്തില്‍ തുടരേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍, ഷിക്കാഗോ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യകയും തുടങ്ങിവെച്ച പല ജനോപകാരപ്രദമായ പദ്ധതികളും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുവാന്‍ ശ്രീ ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്നും അതിനായി പ്രവാസികളായ നമ്മള്‍ ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്യണമെന്നും പ്രസിഡന്റ് അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലംകൊണ്ട് വിഴിഞ്ഞം പദ്ധതി, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോ തുടങ്ങിയ വിവിധ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കി സമഗ്രമായ വികസനം ജനങ്ങളിലേക്ക് എത്തിച്ച ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തോടുകൂടി അധികാരത്തില്‍ വരുമെന്ന് മുന്‍ പ്രസിഡന്റും നാഷണല്‍ വൈസ് ചെയര്‍മാനുമായ തോമസ് മാത്യു പറഞ്ഞു

കോഴക്കേസുകള്‍ പറഞ്ഞ് ജനങ്ങളുടെ ഇടയില്‍ വോട്ടു പിടിക്കുവാനുള്ള ഇടതുപക്ഷത്തിന്റെ തന്ത്രം ഇത്രയധികം വികസനങ്ങള്‍ നടപ്പാക്കിയ ഐക്യജനാധിപത്യമുന്നണിക്ക് ഒരു കുറവും സംഭവിക്കുകയില്ലെന്നും ഇപ്രവാശ്യം നല്ല ഭൂരിപക്ഷത്തോടുകൂടി തന്നെ ഐക്യജനാധിപത്യമുന്നണി വിജയിച്ചുവരുമെന്നും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലോകശ്രദ്ധ നേടിയ ബഹുമാന്യനായ ശ്രീ ഉമ്മന്‍ചാണ്ടി പതിനായിരക്കണക്കിന് പാവങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അവര്‍ക്കുവേണ്ട ധനസഹായം നല്‍കുകയും ചെയ്തു. ഒരു സരിതയെ കാട്ടി അദ്ദേഹത്തെ തകര്‍ക്കുവാന്‍ നോക്കുന്ന പ്രതിപക്ഷത്തിനു ഈ തെരഞ്ഞെടുപ്പ് വന്‍ തിരിച്ചടിയാകുമെന്ന് മുന്‍ പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ സതീശന്‍ നായര്‍ പറഞ്ഞു.

വീണ്ടും ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഉമ്മന്‍ചാണ്ടി നയിക്കുന്ന ഐക്യജനാധിപത്യ മുന്നണി തന്നെ അധികാരത്തില്‍ വരുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ലെന്നും നല്ല ഭൂരിപക്ഷത്തില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കമ്മിറ്റി മെമ്പറും ദേശീയ ജനറല്‍ സെക്രട്ടറിയുമായ സന്തോഷ് നായര്‍ അഭിപ്രായപ്പെട്ടു.

ഇടുതപക്ഷത്തിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഐക്യജനാധിപത്യമുന്നണിയുടെ ഭരണത്തില്‍ ജനം സംതൃപ്തരായിരുന്നുവെന്നതിന്റെ തെളിവ് ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ഏവര്‍ക്കും ബോധ്യമാകുമെന്നും വൈസ് പ്രസിഡന്റുമാരായ ജോസി കുരിശിങ്കല്‍, ഹെറാള്‍ഡ് ഫിഗുരേദോ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

ഐക്യജനാധിപത്യമുന്നണിക്ക് വോട്ട് ചെയ്യുവാന്‍ നാട്ടിലുള്ള നമ്മുടെ സുഹൃത്തുക്കളോടും, കുടുംബക്കാരോടും അഭ്യര്‍ത്ഥിക്കണമെന്ന് ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ തമ്പി മാത്യു ആവശ്യപ്പെട്ടു. സമ്മേളനാനന്തരം അദ്ദേഹം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.