കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയമാറ്റ ശസ്‌ത്രക്രിയ

04:20pm 27/4/2016
1461702294_c27k
കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ രണ്ടാമതും ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ. എറണാകുളം ഇടമനക്കാട്ട്‌ കുട്ടിങ്ങല്‍ചിറ രായംമരയ്‌ക്കാര്‍ വീട്ടില്‍ ബഷീര്‍ (55) ആണ്‌ ഇന്നലെ ഹൃദയം മാറ്റിവയ്‌ക്കലിനു വിധേയനായത്‌. കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച ആലുവ സ്വദേശിയായ യുവാവിന്റെ ഹൃദയമാണു ബഷീറില്‍ തുന്നിച്ചേര്‍ത്തത്‌. രാജ്യത്തു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ ശസ്‌ത്രക്രിയയായിരുന്നു ഇത്‌.
മെഡിക്കല്‍ കോളജ്‌ കാര്‍ഡിയോ തൊറാസിക്‌ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ 46 മിനിറ്റുകൊണ്ടാണു ഹൃദയം മാറ്റിവച്ചത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ 5.30നാണു കൊച്ചിയില്‍ ഒ നെഗറ്റീവ്‌ ഗ്രൂപ്പില്‍പ്പെട്ട ഹൃദയമുണ്ടെന്ന വിവരം കോട്ടയം മെഡിക്കല്‍ കോളജില്‍ ലഭിക്കുന്നത്‌. തുടര്‍ന്നു രാത്രി 8.30ന്‌ ഡോക്‌ടര്‍മാരടങ്ങുന്ന സംഘം കൊച്ചിയിലേക്കു തിരിച്ചു.
രാത്രിതന്നെ സംഘം കൊച്ചിയിലെത്തിയെങ്കിലും ദാതാവിന്റെ കരള്‍ മാറ്റുന്നതിനു കരള്‍ രോഗ വിദഗ്‌ധന്‍ എത്താന്‍ വൈകിയതിനാല്‍ ഇന്നലെ രാവിലെ ആറോടെയാണു ഹൃദയം പുറത്തെടുത്തത്‌. തുടര്‍ന്ന്‌ 8.55 ന്‌ ആംബുലന്‍സില്‍ സംഘം കോട്ടയത്തേക്കു പുറപ്പെട്ടു. 10.18ന്‌ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചു. 0.26ന്‌ ശസ്‌ത്രക്രിയ ആരംഭിച്ചു. ഉച്ചയ്‌ക്ക്‌ ഒന്നേകാലോടെ ബഷീറിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വെന്റിലേറ്ററില്‍ കഴിയുന്ന ബഷീര്‍ പ്രത്യേക നിരീക്ഷണത്തിലാണ്‌. ബഷീറില്‍ പുതിയ ഹൃദയം ഉപകരണസഹായമില്ലാതെ പ്രവര്‍ത്തിക്കുന്നതായി ഡോ. ജയകുമാര്‍ അറിയിച്ചു.
പാചക തൊഴിലാളിയായ ബഷീര്‍ 22 വര്‍ഷമായി ഹൃദ്‌രോഗ ചികിത്സയിലായിരുന്നു. 12 വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സിച്ചു. നാലു വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നു ചികിത്സ.
2015 സെപ്‌റ്റംബര്‍ 15നാണു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആദ്യ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്‌. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി പൊടിമോനി(55)ലാണു ഹൃദയം മാറ്റിവച്ചത്‌. ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമായിരുന്നെങ്കിലും വൃക്കകള്‍ക്കും കരളിനുമുണ്ടായ രോഗബാധയെത്തുടര്‍ന്നു ഒക്‌ടോബര്‍ നാലിനു പൊടിമോന്‍ മരിച്ചു.
Advertisement