കോണ്‍ഗ്രസ് നേതാവ് ആര്‍. ഇന്ദുചൂഡന്‍ അന്തരിച്ചു

05:44 PM 10/09/2016
INDU-CHOODADDADA
പത്തനംതിട്ട: ഡി.സി.സി വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍. ഇന്ദുചൂഡന്‍ (58) അന്തരിച്ചു. നട്ടെല്ലിന് ക്ഷേതമേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍െറ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നതിനും നിരവധി പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നതിനും ആര്‍.ഇന്ദുചൂഡനെന്ന ജനകീയനായ നേതാവിനു കഴിഞ്ഞു. പരേതനായ കോട്ടൂരത്തേ് രാഘവന്‍നായരുടെയും അധ്യാപികയായ തങ്കമ്മയുടെയും മകനായി ജനിച്ച ഇന്ദുചൂഡന്‍ കെ.എസ്.യു പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്കത്തെുന്നത്. ഓമല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച പിതാവ് രാഘവന്‍നായരുടെ രാഷ്ട്രീയ ജീവിതമാണ് മകന്‍ ഇന്ദുചൂഡനേയും രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്.

1972ല്‍ ഓമല്ലൂര്‍ ആര്യഭാരതി സ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റായി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ പഠനകാലയളവില്‍ പത്തനംതിട്ട കെ.എസ്.യു താലൂക്ക് പ്രസിഡഡന്‍റായി. 18ാം വയസില്‍ കെ.എസ്.യു കൊല്ലം ജില്ലാ സെക്രട്ടറിയും. 1882ല്‍ പത്തനംതിട്ട ജില്ലാ രൂപീകൃതമാകുമ്പോള്‍ ജില്ലയിലെ ആദ്യ കെ.എസ്.യു ജില്ലാ പ്രസിഡനര്‍ായി. 1987ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായി ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്. ഇതിനിടയില്‍ ജില്ലാ പഞ്ചായത്ത് ഇലന്തൂര്‍, കുളനട ഡിവിഷനുകളില്‍ മത്സരിച്ചെങ്കിലും ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായുള്ള ബന്ധം ഇന്ദുചൂഡനെ കെ. കരുണാകരനിലേക്ക് അടുപ്പിച്ചു. കെ. കരുണാകരന്‍െറ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളായിരുന്നു ഇന്ദുചൂഡനും. ഇതിനിടയിലാണ് പത്തനംതിട്ടയിലും അടൂരിലും നടന്ന സമരങ്ങളുടെ ഭാഗമായി പൊലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ശാരീരികമായി തളരുന്നത്. തുടര്‍ന്നും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി. മാസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ വീണതിനെ തുടര്‍ന്ന് നട്ടെല്ലിനുണ്ടായ ക്ഷതം ഏറെ തളര്‍ത്തി.

ഇലന്തൂര്‍ കോ-ഓപ്പറേറ്റിങ് ഹൗസിങ് ബോര്‍ഡ് പ്രസിഡന്‍റ്, ഓമല്ലൂര്‍ റസിഡന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ്, ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: രമാദേവി. മക്കള്‍: വിജയ്, അജയ്.