കൈക്കൂലിക്കേസ്: യെദിയൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി

10:57 am 27/10/2016
download (3)

നാല്‍പ്പതു കോടി രൂപ കൈക്കൂലി വാങ്ങി അനധികൃത ഖനനത്തിന് അനുമതി നല്‍കിയ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ ബംഗലൂരു സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. നീതി നടപ്പിലായെന്ന് വിധിക്ക് ശേഷം യെദിയൂരപ്പ പ്രതികരിച്ചു. ഇതോടെ സംസ്ഥാന ബിജെപിയില്‍ യെദിയൂരപ്പ കൂടുതല്‍ കരുത്തനാകും.
രണ്ടായിരത്തി എട്ട് മുതല്‍ രണ്ടായിരത്തി പതിനൊന്ന് വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ബിഎസ് യെദ്യുരപ്പ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ജെഎസ്ഡബ്ലൂ സ്റ്റീലിന് ബെല്ലാരിയില്‍ അനധികൃത ഖനനത്തിന് അനുമതി നല്‍കിയെന്നും ഇതിന് നാല്‍പത് കോടി രൂപ കൈക്കൂലിയായി യെദ്യൂരപ്പയുടെ കുടുംബത്തിന് ലഭിച്ചുവെന്നായിരുന്നു കേസ്. യെദ്യൂരപ്പയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള പ്രേരണ എജ്യൂക്കേഷന്റെ ട്രസ്റ്റിന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന ഭൂമി വിപണി വിലയില്‍ നിന്നു പത്തിരിട്ടിയിലധികം നല്‍കി വാങ്ങിയും ട്രസ്റ്റിന് സംഭാവനയായി നല്‍കിയുമാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് കൈക്കൂലി കൈമാറിയതെന്ന് അന്നത്തെ കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്ഡെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച യെദ്യൂരപ്പക്കെതിരെ സിബിഐ കേസെടുക്കുകയായിരുന്നു. ഇരുന്നൂറ്റി പതിനാറ് സാക്ഷികളെ വിസ്തരിച്ച ബംഗളുരു സിബിഐ പ്രത്യേക കോടതി കേസില്‍ യെദ്യൂരപ്പ, മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര, മരുമകന്‍ സോഹന്‍ കുമാര്‍ എന്നിവരെ വെറുതെവിട്ടു. കഴിഞ്ഞ മെയില്‍ വിചാരണ വേളയില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് യെദ്യൂരപ്പ കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞിരുന്നു. തന്റെ വാദങ്ങള്‍ ശരിവയ്‍ക്കുന്നതാണ് കുറ്റവിമുക്തനാക്കിയ വിധിയെന്ന് യെദ്യൂരപ്പ പ്രതികരിച്ചു.