09:39am 7/5/2016
– മോഹന്‍ മാവുങ്കല്‍ (കൈരളി പബ്ലിക് റിലേഷന്‍സ് ചെയര്‍)
ബാള്‍ട്ടിമോര്‍: കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി മറ്റു സംഘടനകള്‍ക്ക് മാറ്റുരയ്ക്കാന്‍ കഴിയാതെപോയ നിസ്തുല സേവനത്തിന്റെ കര്‍മ്മകാണ്ഡങ്ങള്‍ രചിച്ച ബാള്‍ട്ടിമോര്‍ കൈരളി പുതിയ സാരഥികളുമായി ആ അസ്വമേഥം അഭംഗുരം തുടരുന്നു.
2015 വര്‍ഷം കൈരളിക്ക് അനേക തിലകക്കുറികള്‍ ചാര്‍ത്തപ്പെട്ട വര്‍ഷമായിരുന്നു. റഹ്മാന്‍ കടാബ (പ്രസിഡന്റ്) സാമൂഹിക പ്രതിബദ്ധതയുടേയും, സാമൂഹിക സേവനത്തിന്റേയും ഒരു നീണ്ട കര്‍മ്മപഥമാണ് സമൂഹത്തിനു സമര്‍പ്പിച്ചത്. കര്‍മോത്സുകതയുടെ ഒരു ഘോഷയാത്രയായിരുന്നു കൈരളിക്ക് 2015 ക്രിസ്തുമത്-നവവത്സരം, ഓണം, വേനല്‍ക്കാല മത്സരങ്ങള്‍ എന്നിവയ്ക്കു പുറമെ കുട്ടികള്‍ക്കായി മലയാളം പള്ളിക്കൂടം, മലയാളി വനിതകള്‍ക്കായി പാചക പരിശീലന പരിപാടികള്‍, ഹൃദയാഘാതം വരുമ്പോള്‍ സത്വരമായി കൈക്കൊള്ളേണ്ട പ്രഥമശുശ്രൂഷകളുടെ പരിശീലനം, വൈവിധ്യമാര്‍ന്ന പാചക മത്സരം, അമേരിക്കന്‍ റെഡ്‌ക്രോസുമായി ചേര്‍ന്ന് രക്തദാനം, മതസൗഹാര്‍ദ്ദത്തിന് ഊന്നല്‍ നല്‍കി എല്ലാ മതപണ്ഡിതന്മാരേയും ഉള്‍പ്പെടുത്തി സംവാദം, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രസംഗ മത്സരം, ദത്തെടുത്ത ഒരു രാജവീഥി ശുചീകരിക്കല്‍, മദര്‍ തെരേസാ സന്യാസ സമൂഹവുമായി ചേര്‍ന്ന് സൗജന്യ അന്നദാനം, ഡീഫ് ക്രീക്ക് എന്ന സുന്ദരഭൂമിയിലേക്ക് രണ്ടുനാള്‍ നീണ്ട ബസ് യാത്ര, ഏകദേശം ആറുലക്ഷം രൂപ മുടക്കി ഒരു രോഗിയും നിര്‍ധനനുമായ വ്യക്തിക്ക് ഭവനദാനം എന്നിവ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണ്.
2016 വര്‍ഷം ഇതിലും കര്‍മ്മനിരതമാക്കുവാന്‍ മെയ്യോടുമെയ്യുരുമി, തോളോടുതോളുരുമി സമര്‍പ്പണത്തിന്റെ തേര് തെളിയിക്കുവാന്‍ ഒരു വന്‍ നേതൃനിര അധികാരം ഏറ്റെടുത്തിരിക്കുന്നു. സാജു മര്‍ക്കോസ് (പ്രസിഡന്റ്), ഷീബാ അലോഷ്യസ് (വൈസ് പ്രസിഡന്റ്), അല്‍ഫോന്‍സാ റഹ്മാന്‍ (സെക്രട്ടറി), ജോസഫ സക്കറിയ (ട്രഷറര്‍), ജില്ലറ്റ് കൂരന്‍ (ജോ. സെക്രട്ടറി), ജയിന്‍ മാത്യു (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഒരു വന്‍ സംഘമാണ് കാര്യനിര്‍വ്വഹണ സമിതിയിലുള്ളത്.
2015-ലെ കര്‍മ്മ പരിപാടികള്‍ക്കുപരിയായി 2016-ല്‍ ഒരു മാസത്തില്‍ ഒരു കുടുംബ സംഗമം, വിവിധ തലങ്ങളില്‍ സംഗീത-നാടക മത്സരങ്ങള്‍, വിദ്യാഭ്യാസത്തിലും കലയിലും മുന്‍നിരയിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, കലാ-സാഹിത്യ അഭിരുചിയുള്ള കുട്ടികള്‍ക്കായി പരിശീലന കളരികള്‍, അശരണര്‍ക്ക് ഭവന ഭക്ഷ്യസുരക്ഷാ കേന്ദ്രങ്ങള്‍, പെന്‍സില്‍വേനിയയിലെ പൊക്കണോസ് മലനിരകളിലേക്ക് മൂന്നുദിവസത്തെ ഉല്ലാസ യാത്ര തുടങ്ങിയ സംരംഭങ്ങളുടെ ഒരു ശൃംഖലയുമായി കൈരളി പ്രവര്‍ത്തന മികവില്‍ തന്നെ.
2016 ജൂലൈ മാസത്തില്‍ നടക്കുന്ന ഫോമ, ഫൊക്കാന സംഗമങ്ങളില്‍ കൈരളിയുടെ ശക്തമായ സാന്നിധ്യമുണ്ടാകും. തലസ്ഥാന നഗരിയില്‍ നിന്നും കേരളത്തനിമയാര്‍ന്ന മയാമിയിലേക്ക് ഒന്നില്‍പ്പരം ബസുകളില്‍ അംഗങ്ങളെ എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കൈരളി സാരഥികള്‍.
കൈരളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലും നിസ്സീമമായി നല്‍കുന്ന എല്ലാ സന്മനസുകള്‍ക്കും നന്ദി. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: kairaliofbaltimore.com
മോഹന്‍ മാവുങ്കല്‍ (കൈരളി പബ്ലിക് റിലേഷന്‍സ് ചെയര്‍) അറിയിച്ചതാണിത്.
Picture2