കൈരളി ആര്‍ട്‌സ് ക്ലബ് -സൗത്ത് ഫ്‌ളോറിഡ വിവിധ പരിപാടികളോടെ വര്‍ണ്ണശബളമായി ഓണം ആഘോഷിച്ചു

12:07 pm 26/8/2016

Newsimg1_35669729
സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് -സൗത്ത് ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ നിറഞ്ഞ സദസിനാലും, മുഖ്യാതിഥികളുടെ സാന്നിധ്യത്തിലും, വിവിധ കലാപരിപാടികളുടെ മേന്മയാലും പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓഗസ്റ്റ് 20-ന് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്.

ഡോ. വോണുഗോപാല്‍ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കി. ഓണസദ്യ, തിരുവാതിര, വള്ളംകളി, പഞ്ചവാദ്യം, കുട്ടികളുടെ ഓണസ്കിറ്റ്, ഓണപ്പാട്ടുകള്‍, ഓണകീര്‍ത്തനം എന്നിവ കൂടാതെ മയാമി “ഹരിക്കയിന്‍സ്’ എന്ന ടീമിന്റെ ബാന്‍ഗ്രാ ഡാന്‍സും പരിപാടികള്‍ ഹൃദ്യമാക്കി. ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പ്രമാണിച്ച് ശ്യാമള കളത്തില്‍, ലിയ എന്നിവരുടെ ദേശീയ ഗാനാലാപനത്തോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്.

നിറഞ്ഞ സദസ്സില്‍ ആഘോഷിക്കപ്പെട്ട കൈരളിയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, സെക്രട്ടറി വര്‍ഗീസ് ശാമുവേല്‍, ട്രഷറര്‍ രാജു ഇടിക്കുള, വൈസ് പ്രസിഡന്റ് ജോര്‍ജ് ശാമുവേല്‍, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ഡോ. മാമ്മന്‍ സി. ജേക്കബ്, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൊക്കാന വിമന്‍സ് ഫോറം ഫ്‌ളോറിഡ ചെയര്‍പേഴ്‌സണ്‍ ലിബി ഇടിക്കുള എന്നിവര്‍ നേതൃത്വം നല്കി.

ഈവര്‍ഷത്തെ ക്രിസ്തുമസ്- പുതുവത്സരാഘോഷ പരിപാടികള്‍ ഡിസംബര്‍ 18-ന് നടത്തുമെന്ന് അറിയിച്ചുകൊണ്ട് 10 മണിക്ക് ആഘോഷപരിപാടികള്‍ സമാപിച്ചു. കൈരളി ആര്‍ട്‌സ് ക്ലബ് – സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ അറിയിച്ചതാണിത്.