08:50am 25/5/2016
– മോഹന്‍ മാവുങ്കല്‍ (പബ്ലിക് റിലേഷന്‍സ് ചെയര്‍)
ബാള്‍ട്ടിമോര്‍: കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമം മെയ് 27,28,29 തീയതികളില്‍ പ്രസിദ്ധമായ പോക്കണോസ് പര്‍വ്വത നിരകളുടെ താഴ്‌വരയില്‍ അരങ്ങേറുന്നു. സമ്മര്‍ദ്ദപൂര്‍ണ്ണമായ ജീവിതശൈലിയില്‍ നിന്നും ഒരു ഒളിച്ചോട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാം. കൈരളിയുടെ മുദ്രാവാക്യമായ “നമ്മള്‍ ഒരു കുടുംബം’ എന്ന ആശയത്തെ അരക്കിട്ടുറപ്പിക്കുകയാണ് ഈ ദൗത്യത്തിന്റെ മൂലകാരണം.
ബാള്‍ട്ടിമോറിലെ വൈറ്റ്മാഷില്‍ രാവിലെ പത്തുമണിക്ക് ഒത്തുകൂടുന്ന കൈരളി കുടുംബങ്ങള്‍ ഒന്നിച്ചാകും പോക്കണോസിലേക്ക് യാത്ര ചെയ്യുക.
ഈദിനങ്ങളെ അര്‍ത്ഥപൂരിതമാക്കുവാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കായികവും കലാപരവും വിജ്ഞാന -വിനോദ ചാരുതയുമാര്‍ന്ന ഒട്ടനവധി പരിപാടികള്‍. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ് മലനിരകളിലൂടെയുള്ള യാത്ര, ക്യാമ്പ് ഫയര്‍, മത്സ്യബന്ധനം, ബാര്‍ബിക്യൂ, ബാസ്കറ്റ് ബോള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങള്‍, നാടന്‍പാട്ടുകളുടെ ഒരു അരങ്ങേറ്റം… ഇങ്ങനെ നീളുന്ന ആ പട്ടിക.
ഈ സംരംഭം വിജയപ്രദമാക്കി മനസ്സിന്റെ അകതാരില്‍ കോറിയിടുവാന്‍ പ്രസിഡന്റ് സാജു മര്‍ക്കോസിനോടൊപ്പം, സബീന നാസര്‍, അല്‍ഫോന്‍സാ റഹ്മാന്‍, നാദിയാ നാസര്‍ എന്നിവര്‍ അക്ഷീണം പ്രയത്‌നിക്കുന്നു. ഇവര്‍ക്ക് സഹായഹസ്തവും ഉപദേശകനുമായി ഫോമാ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന തോമസ് ജോസ് (ജോസുകുട്ടി) പ്രവര്‍ത്തിക്കുന്നു. ഇതര മലയാളി സംഘടനകളുടെ അംഗങ്ങളേയും കൈരളി പോക്കണോസ് പര്‍വ്വതനിരകളുടെ താഴ്‌വരയിലേക്ക് സ്വാഗതം ചെയ്യുന്നു. മോഹന്‍ മാവുങ്കല്‍ (പബ്ലിക് റിലേഷന്‍സ് ചെയര്‍) അറിയിച്ചതാണിത്.