കൊച്ചിയില്‍ അരൂര്‍ പാലത്തില്‍ നിന്ന് ജീപ്പ് കായലിലേക്ക് വീണു; അഞ്ച് പേരെ കാണാതായി

09:47 am 17/11/2016

Newsimg1_78852664

കൊച്ചി: ജീപ്പ് ലോറിക്ക് പിന്നിലിടിച്ച് കായലിലേക്ക് വീണ് അഞ്ച് പേരെ കാണതായി. വൈകുന്നേരം 6.30 ഓടെ കൊച്ചി കുമ്പളംഅരൂര്‍ പാലത്തിലാണ് സംഭവം. ഒമ്പത് പേര്‍ ജീപ്പിലുണ്ടായിരുന്നു. ഇവരില്‍ നാല് പേര്‍ നീന്തിക്കയറി. ഡ്രൈവര്‍ ഒഴികെ ബാക്കിയെല്ലാവരും അന്യസംസ്ഥാന തൊഴിലാളികളാണ്. പനമ്പള്ളി നഗര്‍ ചിത്ര ഡെക്കറേഷനിലെ പന്തല്‍ നിര്‍മാണ തൊഴിലാളികളായ ഇവര്‍ ബോള്‍ഗാട്ടിയില്‍ നിന്നും ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു.

പാലത്തിന്റെ കൈവരി തകര്‍ത്താണ് ജീപ്പ് കായലിലേക്ക് വീണത്. അമിത വേഗതയിലായിരുന്നു ജീപ്പ് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ്, പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വെളിച്ചമില്ലാത്തത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

രക്ഷപ്പെട്ടവരെ കൊച്ചിയിലെ ലേക് ഷോര്‍, ലക്ഷ്മി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. കായലിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.

പാലത്തിലും പരിസരത്തും വെളിച്ചമില്ലാത്തത് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അരൂര്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം മന്ദഗതിയിലാണ്. കോസ്റ്റല്‍ പൊലീസിന്റെ ബോട്ട് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാവികസേനയുടയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്.