കൊച്ചിയില്‍ മയക്കുമരുന്ന് പിടികൂടി

10:38pm 17/3/2016
496114281
കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ഹോട്ടലില്‍ മുറിയെടുത്ത് മയക്കുമരുന്നു വില്‍പന നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. ഡാന്‍സ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന എല്‍.എസ്.ഡി. സ്റ്റാമ്പുകളും എം.ഡി.എം.എയും ഹാഷിഷുമാണ് പിടികൂടിയത്. കോട്ടയം സ്വദേശി ജേക്കബ്, മലപ്പുറം സ്വദേശി ഷിഞ്ജു ശ്രീറാം, കുമ്പളം സ്വദേശി അരുണ്‍, പാല സ്വദേശികളായ ജസ്റ്റിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്.
ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സൗത്ത് എസ്.ഐ. വിപിനും സംഘവുമാണ് പ്രതികളെ പിടികുടിയത്. പിടിയിലാവുമ്പോള്‍ പ്രതികളെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. മയക്കുമരുന്നു വില്‍പനയിലൂടെ ആഢംബര ജീവിതം നയിച്ചിരുന്നവരാണ് പ്രതികളെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
അന്വേഷണ സംഘത്തില്‍ എസ്.ഐ. പി.കെ. സദാശിവന്‍, അമൃത് സിങ് നായക്, പോലീസുകാരായ സുജിത്, അനീഷ് എന്നിവരുമുണ്ടായിരുന്നു. അന്വേഷണത്തിന് ഡി.സി.പി. അരുള്‍ ബി. കൃഷ്ണ, തൃക്കാക്കര അസി. കമ്മിഷണര്‍ രാജേഷ്, സി.ഐമാരായ ചന്ദ്രദാസ്, അനന്തലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി