09:56 am 21/08/2016
കൊച്ചി: സർവീസ് പിസ്റ്റളിൽ നിന്ന് വെടിയേറ്റ് കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൃപ്പൂണിത്തുറ എ.ആര്. ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് എറണാകുളം ഇരുമ്പനം കളച്ചിങ്കല്‍ വീട്ടില്‍ സാബു മാത്യുവാണ് മരിച്ചത്. പുലർച്ചെ 1.45ന് ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് വാഹനം വാഴക്കാലയിൽ പാർക്ക് ചെയ്യുന്നതിനിടെയാണ് സംഭവം.
അബദ്ധത്തില്‍ വെടി പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വയറിന് മുകളിലായി വെടിയേറ്റ സാബുവിനെ സഹപ്രവർത്തകർ എറണാകുളം മെഡിക്കല്‍ സെന്റർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയത്ത് ഡ്രൈവറും ഒരു പൊലീസുകാരനും വാഹനത്തിലുണ്ടായിരുന്നു.
വാഹനത്തിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്നു സാബു. തനിക്ക് വെടിയേറ്റെന്ന് സാബു പറഞ്ഞതായി വാഹനത്തിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
തൊട്ടടുത്തു നിന്ന് വെടിയേറ്റതിനാൽ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.