കൊയ്ലോ തുണച്ചു; ഗോവ പൂനയെ മറികടന്നു

02.17 AM 04/11/2016
goa_0311
പൂന: പൂനയെ അവരുടെ തട്ടകത്തിൽ കെട്ടുകെട്ടിച്ച എഫ്സി ഗോവയ്ക്ക് സീസണിലെ രണ്ടാം ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ വിജയിച്ചുകയറിയത്.

32–ാം മിനിറ്റിൽ റാഫേൽ കൊയ്ലേയാണ് ഗോവയുടെ വിജയഗോൾ കണ്ടെത്തിയത്. ബോക്സിനു പുറത്തുനിന്ന് കൊയ്ലോ തൊടുത്തുവിട്ട ഫ്രീകിക്ക് പൂന പ്രതിരോധമതിലിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിൽ തറയ്ക്കുകയായിരുന്നു. തിരിച്ചടിക്കായി പൂന കിണഞ്ഞുശ്രമിച്ചെങ്കിലും ഗോവയുടെ ശക്‌തമായ പ്രതിരോധത്തിൽ തട്ടി മടങ്ങി.

ജയത്തോടെ പോയിന്റ് പട്ടികയിൽ അവസാന സ്‌ഥാനത്തായിരുന്ന ഗോവ ഒരു സ്‌ഥാനം മെച്ചപ്പെടുത്തി ഏഴാം സ്‌ഥാനത്തേക്കു കയറി. ഏഴു പോയിന്റാണ് ഗോവയ്ക്കുള്ളത്. ഏഴാം സ്‌ഥാനത്തുണ്ടായിരുന്ന പൂനയാകട്ടെ ആറു പോയിന്റുമായി അവസാന സ്‌ഥാനത്തേക്കു താഴ്ന്നു. 12 പോയിന്റുള്ള അത്ലറ്റിക്കോ ഡി കോൽക്കത്തയാണ് പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്.