കൊല്ലത്ത് തൊണ്ണൂറുകാരിയെ കത്തികാട്ടി പീഡിപ്പിച്ചു

02:37 pm 21/09/2016
images (2)
കൊല്ലം: കടക്കലിൽ തൊണ്ണൂറുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. അഞ്ച് ദിവസം മുമ്പാണ് സംഭവമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ അയൽവാസി അടുക്കള വാതിൽ തകർത്ത് അകത്തു കയറുകയും പീഡിപ്പിക്കുകയുമായിരുന്നെന്ന് വൃദ്ധ പറഞ്ഞു. വായിൽ തുണി തിരുകിയും കത്തികാട്ടി ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചതെന്ന് വൃദ്ധ പൊലീസിന് മൊഴി നൽകി. ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധ കാൻസർ രോഗിയുമാണ്.

സംഭവത്തെ കുറിച്ച് ബന്ധുക്കളോട് പറഞ്ഞെങ്കിലും അവർ വിവരം പൊലീസിലറിയിച്ചില്ല. പീഡനത്തിരയായ ശേഷം ചികിത്സ പോലും ലഭിക്കാതെ കഴിഞ്ഞ വൃദ്ധയുടെ വാർത്ത മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് റൂറൽ എസ്.പി അജിതാ ബീഗത്തിന്റെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊഴിയെടുത്ത ശേഷം വൃദ്ധയെ പൊലീസ് കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ സ്വമേധയാ കേസെടുത്തതായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ റോസക്കുട്ടി അറിയിച്ചു. വൃദ്ധക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാനും അവർ നിർദേശം നൽകി.