കൊല്‍ക്കത്തക്ക് മൂന്നാം ജയം

06:45am 20/04/2016

download (2)
മൊഹാലി: ചൊവ്വാഴ്ച മൊഹാലിയില്‍ റോബിന്‍ ഉത്തപ്പയുടെ ദിവസമായിരുന്നു. വിക്കറ്റിനു പിന്നില്‍ ഗ്‌ളൗസിട്ട കൈകള്‍ കൊണ്ടും മുന്നില്‍ ബാറ്റുകൊണ്ടും ഉത്തപ്പ നിറഞ്ഞാടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ.പി.എല്ലിലെ മൂന്നാം ജയം അനായാസമായി. സ്പിന്നര്‍മാരുടെ മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 138 റണ്‍സില്‍ വരിഞ്ഞുകെട്ടിയ കൊല്‍ക്കത്ത 17 പന്ത് ബാക്കിനില്‍ക്കെ 141 റണ്‍സടിച്ച് ആറ് വിക്കറ്റിന് കളി സ്വന്തമാക്കി.

മികച്ച ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് ഭദ്രമായ അടിത്തറയാണിട്ടത്. പതിവിന് വിപരീതമായി ഇത്തവണ ഉത്തപ്പയുടെ ബാറ്റില്‍നിന്നാണ് റണ്‍സ് ഒഴുകിയത്. 8.3 ഓവറില്‍ ഇവരുടെ കൂട്ടുകെട്ട് 82 റണ്‍സ് ചേര്‍ത്തു. അതിനിടയില്‍ ഉത്തപ്പ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയും കണ്ടത്തെി. 28 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് ഉത്തപ്പ 53 റണ്‍സെടുത്തത്. പ്രദീപ് സാഹുവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഉത്തപ്പ പുറത്തായത്. 34 പന്തില്‍ അത്രയും റണ്‍സെടുത്ത് ഗംഭീറും പിന്നാലെ മടങ്ങി. മനീഷ് പാണ്ഡേ (12), ഷാക്കിബല്‍ ഹസന്‍ (11) എന്നിവര്‍ കാര്യമായി പൊരുതാതെ കീഴടങ്ങിയെങ്കിലും അഞ്ച് പന്തില്‍ 12 റണ്‍സുമായി യൂസഫ് പത്താനും 11 റണ്‍സുമായി സൂര്യ യാദവും പുറത്താകാതെ നിന്നു. മൂന്ന് ക്യാച്ചും ഒരു റണ്ണൗട്ടുമായി വിക്കറ്റിന് പിന്നിലും തിളങ്ങിയ ഉത്തപ്പയാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ കൊല്‍ക്കത്തക്കാര്‍ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോര്‍നെ മോര്‍കലും ഉമേഷ് യാദവും തുടക്കമിട്ട ബൗളിങ് ആക്രമണത്തെ കരുതലോടെയാണ് മുരളി വിജയും മനന്‍ വോറയും നേരിട്ടത്. ആദ്യ ഓവറിലെ നാലാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചതുമാണ്. പക്ഷേ, നാലാമത്തെ ഓവറില്‍ മോര്‍ക്കലിന്റെ പന്ത് അടിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ ശക്കീബുല്‍ ഹസന്‍ പിടിച്ച് വോറ പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ്. 12 പന്തില്‍ വെറും എട്ട് റണ്‍സായിരുന്നു വോറയുടെ സംഭാവന.
കഴിഞ്ഞ കളികളില്‍ ഫോം കണ്ടത്തൊന്‍ വിഷമിച്ച ഷോണ്‍ മാര്‍ഷ് പിടിച്ചുനിന്നപ്പോള്‍ പഞ്ചാബിന്റെ സ്‌കോര്‍ മെല്‌ളെ മുന്നോട്ടുനീങ്ങി. അതിനിടയില്‍ മൂന്നാമത്തെ ഓവര്‍ മുതല്‍ സ്പിന്നര്‍മാരെ ഇറക്കിയ ഗംഭീറിന്റെ തന്ത്രം വിജയിച്ചു. പിയൂഷ് ചൗളയുടെ താഴ്ന്ന് തിരിഞ്ഞ ലെഗ്കട്ടറില്‍ മുരളിയുടെ സ്റ്റമ്പ് പിഴുതുവീണു.

22 പന്തില്‍ 26 റണ്‍സ് ചേര്‍ത്താണ് കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുരളി പുറത്തായത്. വിവാദ ബൗളിങ് ആക്ഷന്റെ കടമ്പ കടന്നത്തെിയ വിന്‍ഡീസ് താരം സുനില്‍ നരെയ്‌ന്റെ ഊഴമായിരുന്നു അടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയെ സുനില്‍ വീഴ്ത്തി. വിക്കറ്റിന് പിന്നില്‍ കീപ്പര്‍ റോബിന്‍ ഉത്തപ്പക്ക് ക്യാച്ച്.