കോടതിയും മുൻ ജഡ്ജിയും ഏറ്റുമുട്ടി; സുപ്രീം കോടതിയിൽ അസാധാരണ സംഭവങ്ങൾ

02.07 AM 12/11/2016
Justice_Katju_111116
ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് മാർക്കണ്ഡേയ കാട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്. സൗമ്യ വധക്കേസിൽ പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോഴാണ് കാട്ജുവിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേ കാട്ജു ഫേസ്ബുക്കിൽ നടത്തിയ വിമർശനമാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്.

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത നാടകീയ രംഗങ്ങൾക്കു ശേഷമാണ് പുനഃപരിശോധന ഹർജി പരിഗണിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേരിട്ട് കാട്ജുവിന് നോട്ടീസ് നൽകിയത്. ഫേസ്ബുക്കിലെ വിമർശനങ്ങൾ വിശദീകരിക്കാനാണ് കാട്ജുവിനെ കോടതി വിളിച്ചുവരുത്തിയത്. സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായാണു ഒരു കേസിൽ മുൻ ജഡ്ജിയെ വിളിച്ചുവരുത്തുന്നത്. എന്നാൽ കോടതിയിലെത്തിയ കാട്ജു തന്റെ വാദങ്ങൾ അരമണിക്കൂറോളം കോടതിയിൽ അവതരിപ്പിച്ചു. സൗമ്യയെ മനഃപൂർവം കൊന്നില്ലെങ്കിലും മരണത്തിന് കാരണമായ രണ്ടു ഗുരുതര മുറിവുകൾ ഉണ്ടാകാൻ കാരണം ഗോവിന്ദച്ചാമിയാണ്. ട്രെയിനിൽനിന്നു സൗമ്യ ചാടുന്നതായി കണ്ടുവെന്ന ദൃക്സാക്ഷികളുടെ മൊഴി കണക്കാക്കേണ്ടതില്ലെന്നും കാട്ജു വാദിച്ചു. വിധി പ്രസ്താവിക്കുമ്പോൾ നിയമം മാത്രമല്ല സാമാന്യ ബുദ്ധിയും പ്രയോഗിക്കണമെന്നും കാട്ജു വിമർശിച്ചു.

എന്നാൽ ഈ വാദങ്ങൾ നേരത്തെ പരിഗണിക്കുകയും തള്ളിക്കളയുകയും ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി. ജഡ്ജിമാരെയും കോടതിയേയും അവഹേളിച്ച കാട്ജുവിന് കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകുകയാണെന്നും ഗൊഗോയി അറിയിച്ചു. ഇതോടെ കോടതി ഹാളിൽ ഉണ്ടായിരുന്ന കാട്ജു താൻ കോടതിയ ഭയപ്പെടുന്നില്ലെന്നു പറഞ്ഞു. കോടതിയും ജഡ്ജിമാരും ക്ഷണിച്ചിട്ടാണ് താൻ വന്നതെന്നും അദ്ദേഹം പറഞ്ഞു. കാട്ജുവും ഗൊഗോയും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഗൊഗോയിയെ മിസ്റ്റർ ഗൊഗോയി എന്നു വിളിച്ചാണ് കാട്ജു മറുപടി പറഞ്ഞത്. ഇതോടെ രംഗം വഷളായി. ആരെങ്കിലും കാട്ജുവിനെ പിടിച്ചു പുറത്താക്കാൻ ജസ്റ്റീസ് ഗൊഗോയി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും രൂക്ഷമായ ഭാഷയിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഒടുവിൽ മറ്റു ജഡ്ജിമാർ ഇടപെട്ട് പ്രശ്നം തണുപ്പിക്കുകയായിരുന്നു.