കോട്ടയം അസോസിയേഷന്റെ വനിതാ ഫോറം ഉദ്ഘാടനം നിര്‍വ്വഹിച്ചു

09:30 am 1/12/2016

– ജീമോന്‍ ജോര്‍ജ്
Newsimg1_31992385
ഫിലഡല്‍ഫിയ : പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ നേതൃത്വത്തില്‍ നവംബര്‍ 12ന് അസംഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാ ഫോറം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ജസ് ലിന്‍ മാത്യു, അമേരിക്കന്‍ ദേശീയ ഗാനം നോയല്‍ ജോര്‍ജ് എന്നിവര്‍ ആലപിച്ചു. ബെന്നി കൊട്ടാരത്തില്‍ (പ്രസിഡന്റ് കോട്ടയം അസോസിയേഷന്‍) അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബീനാ കോശി (വനിതാ ഫോറം കോര്‍ഡിനേറ്റര്‍) വനിതാ ഫോറത്തിന്റെ ആരംഭം മുതല്‍ ഇതുവരെയുളള പ്രവര്‍ത്തനങ്ങളെ കുറിച്ചുളള പൂര്‍ണ്ണ രൂപം തന്റെ പ്രസംഗത്തിലൂടെ അറിയിക്കുകയുണ്ടായി. കുഞ്ഞുമോള്‍ രാജന്‍(ചാരിറ്റി കോര്‍ഡിനേറ്റര്‍, വനിതാ ഫോറം) മുന്നോട്ടുളള ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുകയുണ്ടായി

ഷീലാ ജോര്‍ജ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി. ഫിലഡല്‍ഫിയാ മലയാളി സമൂഹത്തിന് സുപരിചിതനും കോട്ടയം നിവാസിയുമായ സാന്ദ്രാ പോള്‍ ആയിരുന്നു മുഖ്യാതിഥി. വളരെ അര്‍ത്ഥവത്തായ തന്റെ പ്രസംഗത്തിലൂടെ പ്രവാസികളുടെ ഇടയില്‍ കൂട്ടായ്മകളുടെ പ്രാധാന്യവും പ്രത്യേകിച്ച് സ്ത്രീകളുടെ നേതൃത്വത്തില്‍ മുഖ്യധാരാ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും അതിലുപരി ആവശ്യക്കാര്‍ക്ക് സഹായഹസ്തമായി നമ്മള്‍ ഓരോരുത്തരുടെയും പ്രവര്‍ത്തനം ഈ സമൂഹത്തില്‍ പ്രയോജനമായി തീരട്ടെയെന്നും അതിനുളള അവസരങ്ങള്‍ക്ക് ഇത് പോലുളള സംഘടനകള്‍ നേതൃത്വം കൊടുക്കണമെന്നും കോട്ടയം പട്ടണത്തിന്റെയും നിവാസികളുടെയും പ്രത്യേകതകളെക്കുറിച്ചുളള തന്റെ അറിവിലൂടെയുളള പ്രഭാഷണം വളരെ അര്‍ത്ഥവത്തായി. പിന്നീട് നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി വനിതാ ഫോറം മുഖ്യാതിഥി ഉദ്ഘാടനം ചെയ്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വെറും കടലാസ് പുലിയായി തീരാതെ പ്രാവര്‍ത്തികതയില്‍ എത്തിക്കണമെന്നും ഇതുവരെയുളള കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയുളള ഒരു തിരിഞ്ഞു നോട്ടം നടത്തുകയും ഇനിയും മുന്നോട്ടുളള പ്രവര്‍ത്തനങ്ങളെ കുറിച്ച് വളരെ വ്യക്തമായി സദസിനെ അറിയിക്കുകയും ഇനി മുതല്‍ അമേരിക്കയിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടിയതിന്റെ ആവശ്യകതയെക്കുറിച്ചു രാജന്‍ കുര്യന്‍(ചാരിറ്റി കോര്‍ഡിനേറ്റര്‍) പറഞ്ഞു. പൊതു സമ്മേളനത്തിന്റെ എംസിയായി സാറാ ഐപ്പ്(വനിതാ ഫോറം, ചെയര്‍ പേഴ്‌സണ്‍) പ്രവര്‍ത്തിക്കുകയുണ്ടായി. സാബു ജേക്കബ്(സെക്രട്ടറി) എല്ലാവര്‍ക്കും നന്ദി അറിയിക്കുകയുണ്ടായി. തുടര്‍ന്ന് ജീമോന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാം അരങ്ങേറുകയുണ്ടായി. സാബു പാമ്പാടി, ജെസ് ലിന്‍ മാത്യു ടീം നേതൃത്വത്തില്‍ ഗാനമേളയും. ജെനി, ജീനാ, ജോവാന്‍ എന്നിവരുടെ നൃത്തവും മിലന്‍ ബെയ്‌സില്‍ ജോഹാന്‍ ദിയ തുടങ്ങി കുരുന്നു പ്രതിഭകളുടെ നൃത്തവും മാത്യു ഐപ്പിന്റെ നേതൃത്വത്തില്‍ ഹാസ്യാത്മകവും അര്‍ത്ഥവത്തുമായ ചോദ്യോത്തര മത്സരവും അരങ്ങേറി. തുടര്‍ന്ന് എല്ലാവര്‍ക്കും ഭക്ഷണവും ഉണ്ടായിരുന്നു.