കോട്ടയത്ത് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

10.13 PM 27/10/2016
delifrance_3
കോട്ടയം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. കഞ്ഞിക്കുഴി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ഏഴു ഹോട്ടലുകളില്‍ ഇന്നു രാവിലെയാണ് നഗരസഭ അധികൃതര്‍ പരിശോധന നടത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള ചപ്പാത്തി, ചിക്കന്‍, ചോറ്, ബീഫ്കറി, മീന്‍ കറി, വെജിറ്റബിള്‍ കറികള്‍ എന്നിവയാണ് പിടികൂടിയത്. ആഴ്ചകളോളം പഴക്കമുള്ള എണ്ണയും പിടികൂടി. പരിശോധന നടത്തിയ ഹോട്ടലുകളില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.

തൊഴിലാളികള്‍ക്ക് അടിയന്തരമായി മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നു നിര്‍ദേശിച്ചതായും ഹോട്ടലുകള്‍ക്കെതിരെ നോട്ടീസ് നല്‍കിയതായും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ ആറ്റ്‌ലി പി.ജോണ്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ എം. സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.