2:18pm
5/3/2016
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ പാര്‍ട്ടിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കാന്‍ കെപിസിസി തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ് ഇക്കാര്യം അറിയിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക തിരക്കിട്ട് തീരുമാനിക്കേണ്ടതില്ലെന്ന് യോഗത്തില്‍ ധാരണയായി. മറ്റുപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസും പ്രഖ്യാപിക്കും. പ്രാഥമിക പട്ടിക തയാറാക്കാനുള്ള ചര്‍ച്ചയിലാണെന്നും സുധീരന്‍ പറഞ്ഞു.വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇതിന് പുറമേ ഇന്ന് കോണ്‍ഗ്രസ് കേരളാകോണ്‍ഗ്രസുമായി കോട്ടയത്ത് ചര്‍ച്ച നടക്കാനിരിക്കുകയാണ്. സീറ്റ് വീതം വയ്ക്കുന്നതിനായുള്ള പ്രാഥമിക ചര്‍ച്ചയാണിത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ 22 സീറ്റ് ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം.
കോട്ടയത്ത് പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് അവകാശമുന്നയിച്ചിട്ടുണ്ട്. അതേസമയം ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പാര്‍ട്ടി വിട്ടതോടെ കേരള കോണ്‍ഗ്രസ് എമ്മിന്‍െ്എറ വിലപേശല്‍ സാധ്യത മങ്ങിയെന്നാണ് കോണ്‍ഗ്രസിനകത്തെ പൊതുവികാരം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മെയ് 16നാണ് തെരഞ്ഞെടുപ്പ്.