കോണ്‍ഗ്രസിലെ തര്‍ക്കം: സോണിയാഗാന്ധി ഇടപെടുന്നു

11:47am 31/3/2016
download (10)
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സോണിയ ഗാന്ധി ഇടപെടുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തും. 11.30 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും 12 മണിക്ക് രമേശ് ചെന്നിത്തലയുമായുമായാണ് കൂടിക്കാഴ്ച. വൈകീട്ട് സോണിയ വി.എം സുധീരനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കേരള നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് സോണിയ ഗാന്ധി നേരിട്ട് പ്രശ്‌നം പരിഹരിക്കാനായി ഇടപെടുന്നത്.

സംസ്ഥാന നേതാക്കള്‍ക്കിടയില്‍ തന്നെ പ്രശ്‌നപരിഹാരമുണ്ടാകണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശിക്കുന്നത്. എ.എ.ഐ.സി നേതാക്കള്‍ മുന്നോട്ട് വെക്കുന്ന ഫോര്‍മലക്കനുസരിച്ച് മുന്നോട്ടുപോകണമെന്നായിരിക്കും സോണിയഗാന്ധി കേരളത്തിലെ നേതാക്കളോട് നിര്‍ദേശിക്കുക എന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയും വി.എം. സുധീരനുമിടക്കുള്ള തര്‍ക്കത്തിനിടക്ക് മധ്യസ്ഥം വഹിക്കുന്നത് രമേശ് ചെന്നിത്തലയാണ്. ഇതിനിടെ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഇന്ന് 11.30ക്ക് അടിയന്തിര സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തിന് മുന്നോടിയായി കേരള ഹൗസില്‍ ഐ ഗ്രൂപ് നേതാക്കള്‍ യോഗം ചേര്‍ന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കെ.മുരളീധരന്‍ കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു