11.56 pm 08-05-2016
കൊച്ചി: കോണ്‍ഗ്രസ് ഭരണത്തിലാണ് നിര്‍ഭയമാരും ജിഷമാരും ഉണ്ടാകുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയിലെ നിര്‍ഭയ കൊലപാതകം രാജ്യത്തെ ഞെട്ടിച്ചു. തുടര്‍ന്ന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടാവില്ലെന്ന് അഭിമാനത്തോടെയാണ് പറഞ്ഞത്. പൊലീസും ഭരണസംവിധാനവും ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ജിഷയുടെ ഹീനമായ കൊലപാതകം നടക്കില്ലായിരുന്നു. 11 ദിവസമായിട്ടും പൊലീസിന് കൃത്യമായ ഉത്തരം പറയാനാവുന്നില്ല. ആദ്യ നാലുദിവസം കേസ് ഒതുക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഇത് എന്തിനാണെന്ന ചോദ്യത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരം പറയണം. മാധ്യമങ്ങളുടെയും ജനങ്ങളുടെയും പ്രതിഷേധം ഉയര്‍ന്നതിനുശേഷമാണ് നടപടി ഉണ്ടായത്. ഉയര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ കീഴില്‍ സുതാര്യമായ അന്വേഷണം നടത്താന്‍ ഉമ്മന്‍ ചാണ്ടി എന്തിനാണ് മടിക്കുന്നത്. സ്ത്രീകളുടെ അന്തസ് നിലനിര്‍ത്താന്‍ ജനങ്ങളുടെയാകെ യോജിപ്പുണ്ടാകണം. കൂടുതല്‍ മെച്ചപ്പെട്ട കേരളവും ഇന്ത്യയും രൂപപ്പെടുത്താന്‍ അതാവശ്യമാണ്.
രണ്ട് ദിളിത് കുട്ടികളെ തന്റെ രാഷ്ട്രീയ വിശ്വാസമുള്ളവര്‍ കത്തിച്ചുകൊന്നപ്പോള്‍ പ്രധാനമന്ത്രി സഹതപിചില്ല. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നപേരില്‍ യുപിയിലും ജാര്‍ഖണ്ഡിലും മുസ്‌ലീങ്ങളെ കൊന്നപ്പോഴും സഹതപിച്ചില്ല. തെരഞ്ഞെടുപ്പു കാലത്തെ സഹതാപമല്ല പൊലീസ് ഭരണസംവിധാനങ്ങളെ കാര്യക്ഷമമാക്കുകയാണ് വേണ്ടത്.
സമരം തുടര്‍ന്നാല്‍ മാത്രംപോര പൂര്‍ണമായ നീതി ലഭിക്കുന്നതുവരെ ശക്തിപ്പെടുത്തുകയും വേണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സിപിഎം ആവര്‍ത്തിച്ച് വ്യക്തമാക്കിയ നിലപാടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതിവേഗത്തിലുള്ള ശിക്ഷയാണ് വേണ്ടത്. ജിഷക്ക് നീതി എന്നാല്‍ കേരളത്തിന് നീതി, ഇന്ത്യക്ക് നീതി എന്നാണ് അര്‍ത്ഥം. യുഡിഎഫ് സര്‍ക്കാരിനെ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനകീയ സമ്മര്‍ദ്ദം ഉയരണം. ആത്യന്തികമായി ജനങ്ങളാണ് വിജയിക്കുക എന്ന് യെച്ചൂരി പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെയും സഹോദരിയേയും യെച്ചൂരി സന്ദര്‍ശിച്ചു.