കോയമ്പത്തൂരില്‍ വാഹനാപകടം; മലയാളി വനിതാ ഡോക്ടറും ജോലിക്കാരിയും മരിച്ചു

Newsimg1_88952375
കുറവിലങ്ങാട്: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വനിതാ ഡോക്ടറും ജോലിക്കാരിയും മരിച്ചു. കുര്യനാട് പാണ്ടിയാമാക്കല്‍ ഡോ.സ്റ്റാന്‍ലി സെബാസ്റ്റ്യന്റെ(30) ഭാര്യ ഡോ. ലവീണ(27)യും വീട്ടു ജോലിക്കാരി ആസാം സ്വദേശിയായ സുനിതയുമാണു മരിച്ചത്. പോണ്ടിച്ചേരി ശ്രീവെങ്കിടേശ്വര മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ഥികളാണു ഡോ. സ്റ്റാന്‍ലിയും ഡോ. ലവീണയും.
ഇവര്‍ മുത്തച്ഛന്റെ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാനായി പോണ്ടിച്ചേരിയില്‍നിന്നു നാട്ടിലേക്കു വരികയായിരുന്നു.

ഇന്നലെ രാവിലെ എട്ടോടെ തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിനടുത്തു കര്‍പ്പഗം സര്‍വകലാശാലയ്ക്കു മുന്നിലായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണു പറയുന്നത്. അപകടസമയം സ്റ്റാന്‍ലിയാണു കാറോടിച്ചിരുന്നത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ ഡോ.സ്റ്റാന്‍ലിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ലവീണയുടെയും സുനിതയുടെയും മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

സ്റ്റാന്‍ലിയുടെ മുത്തച്ഛന്‍ പാണ്ടിയാമാക്കല്‍ വര്‍ക്കി ദേവസ്യ (94) ഞായറാഴ്ച 12.30ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. വര്‍ക്കിയുടെ മരണവിവര മറിഞ്ഞു സ്റ്റാന്‍ലിയും ലവീണയും വീട്ടുവേലക്കാരിയുമായി നാട്ടിലേക്കു മടങ്ങുകയായിരുന്നു.

അപകടവിവര മറിഞ്ഞു സ്റ്റാന്‍ലിയു ടെ മാതാപിതാക്കളും ലവീണയുടെ പിതാവും കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. പട്ടിത്താനം വടക്കേപറമ്പില്‍ ഫ്രാന്‍സിസിന്റെയും പരേതയായ ലില്ലിക്കുട്ടിയുടെയും മകളാണ് ഡോ.ലവീണ.

പുഷ്പഗിരി മെഡിക്കല്‍ കോളജില്‍നിന്നാണ് ലവീണ എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ചത്. 2013ല്‍ വിവാഹം കഴിഞ്ഞതിനെത്തുടര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എന്‍ആര്‍എച്ച്എം പദ്ധതിയില്‍ ഒന്നര വര്‍ഷത്തോളം സേവനം ചെയ്തു. ഈ സമയം ഡോ.സ്റ്റാന്‍ലിയും കുറവിലങ്ങാട്ടായിരുന്നു സേവനം. തുടര്‍ന്ന് ഇരുവരും ഉന്നതപഠനത്തിനായി പോണ്ടിച്ചേരിയിലേക്കു പോകുകയായിരുന്നു. രണ്ടു വയസുള്ള നേഥാന്‍ ഏക മകനാണ്. ലിറ്റി (അധ്യാപിക), ലിനറ്റ്(അമേരിക്ക) എന്നിവരാണ് ലവീണയുടെ സഹോദരങ്ങള്‍.