കോഴിക്കോട്ട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് അതിക്രമം

12:13am 31/7/2016

download (10)
കോഴിക്കോട്: കോടതി റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമസംഘത്തിനു നേരേ പോലീസ് രാജ്. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവുണെ്ടന്നു തെറ്റിദ്ധരിപ്പിച്ചു കോടതിവളപ്പില്‍നിന്നു കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജ്, കാമറമാന്‍ കെ. അഭിലാഷ്, ടെക്‌നിഷന്‍ അരുണ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെയാണു സംഭവസ്ഥലത്തുവച്ചും വാഹനത്തില്‍ കൊണ്ടുപോകുമ്പോഴും കൈയേറ്റത്തിന് ഇരയാക്കിയത്. ഏഷ്യാനെറ്റിന്റെ ഒബി വാന്‍, കാമറ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.

കൈയേറ്റം നടത്തിയ ടൗണ്‍ എസ്‌ഐ പി.എം. വിമോദിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് മണിക്കൂറുകളോളം ഉപരോധിച്ചു. രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ എസ്‌ഐക്കെതിരേ നടപടിക്കു ധാരണയായി. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഇയാളെ ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തുമെന്നും മേലധികാരികള്‍ അറിയിച്ചു.

തുടര്‍ന്ന് ഒബി വാന്‍ തിരികെ കൊണ്ടുപോകാനായി ഇതേ മാധ്യമസംഘം ടൗണ്‍ സ്റ്റേഷനിലെത്തി. വാന്‍ തിരികെ കൊണ്ടുപോകാന്‍ എസ്‌ഐയുടെ അനുവാദം വേണമെന്നു പോലീസുകാര്‍ പറഞ്ഞു. തുടര്‍ന്നു പുറത്തുവന്ന എസ്‌ഐ പി.എം. വിമോദ് മാധ്യമസംഘത്തെ ബലമായി പിടികൂടി സ്റ്റേഷനുള്ളില്‍ പൂട്ടിയിട്ടു. സംഭവമറിഞ്ഞു കുതിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉത്തരമേഖലാ ഐജി ദിനേന്ദ്ര കശ്യപിന്റെ അടിയന്തര സന്ദേശം കണക്കിലെടുത്തു കുറ്റക്കാരനായ ടൗണ്‍ എസ്‌ഐ വിമോദിനെ അന്വേഷണ വിധേയമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ സസ്‌പെന്‍ഡ് ചെയ്തു. ഏഷ്യാനെറ്റ് വാര്‍ത്താസംഘം എഴുതി നല്‍കിയ പരാതിയില്‍ എസ്‌ഐക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും ഡിജിപി ഉത്തരവിട്ടു.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് വി.എസ്.അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുന്നതു റിപ്പോര്‍ട്ട് ചെയ്യാനാണു വാര്‍ത്താസംഘം ഇന്നലെ രാവിലെ 9.30ഓടെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. കോടതിവളപ്പില്‍ കടന്ന മാധ്യമസംഘത്തെ എസ്‌ഐ തടഞ്ഞു. കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്നു നിര്‍ദേശമുണെ്ടന്നും പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. ആരാണ് ഉത്തരവ് നല്‍കിയതെന്ന് ബിനുരാജ് ആരാഞ്ഞു. ജില്ലാ ജഡ്ജിയുടെ ഉത്തരവാണെന്നു പറഞ്ഞ എസ്‌ഐ ഒരു പ്രകോപനവുമില്ലാതെ ബിനുരാജിന്റെ അരയില്‍ കടന്നുപിടിക്കുകയായിരുന്നു. കാമറമാന്‍ അഭിലാഷിനു നേരേ രണ്ടു പോലീസുകാര്‍ പാഞ്ഞടുത്തു. തങ്ങള്‍ സ്വയം പൊയ്‌ക്കൊള്ളാമെന്നും ഒബി വാനിലെ ഡിഷ് മടക്കാന്‍ സമയം നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചിട്ടും എസ്‌ഐ പിടിവിട്ടില്ല. കോളറില്‍ കുത്തിപ്പിടിച്ചു പോലീസ് ജീപ്പിലേക്കു ബലമായി നടത്തിക്കൊണ്ടുപോകുന്നതു കണ്ട് അഭിഭാഷകര്‍ ഓടിക്കൂടി. തങ്ങള്‍ക്കാര്‍ക്കും പ്രശ്‌നമില്ലെന്ന് അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഒബി വാന്‍ ഡ്രൈവറെക്കൊണ്ടു ബലമായി വാന്‍ സ്റ്റേഷനിലേക്ക് എടുപ്പിച്ചു. വാനില്‍ കയറിയ രണ്ടു പോലീസുകാര്‍ ഡ്രൈവര്‍ക്കു നേരേ ആക്രോശിച്ചു. നിന്റെ എംഡിയെ വിളിക്കെടാ എന്നായിരുന്നു ആക്രോശം. നാലു പേരെയും സ്റ്റേഷനില്‍ എത്തിച്ചശേഷം ഗ്രില്‍വാതില്‍ പൂട്ടി.

വിവരമറിഞ്ഞു മറ്റു മാധ്യമപ്രവര്‍ത്തകരും സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ എം.പി.പ്രേമദാസും സ്റ്റേഷനിലെത്തി. മാധ്യമപ്രവര്‍ത്തകരില്‍ ഒരാളെ മാത്രമേ അകത്തേക്കു കടത്തിവിട്ടുള്ളൂ. ഉയര്‍ന്ന ഓഫീസര്‍മാരുടെ അഭ്യര്‍ഥനപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കാനായി പുറപ്പെട്ടു. ഇതിനിടെ, കാമറ പോലീസ് തിരികെ നല്‍കി. മര്‍ദനമേറ്റവരും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ നേതാക്കളും കമ്മീഷണറെ കണ്ടു പരാതി നല്‍കി. വൈകുന്നേരം ആറിനകം നടപടി ഉണ്ടാകുമെന്നും അത്രയും സമയം ടൗണ്‍ എസ്‌ഐ പദവിയില്‍നിന്നു പി.എം.വിമോദിനെ മാറ്റിനിര്‍ത്തുമെന്നുമുള്ള കമ്മീഷണറുടെ ഉറപ്പിന്മേല്‍ മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

ഒബി വാന്‍ വിട്ടുകിട്ടാനായി സ്റ്റേഷനിലെത്തിയ ബിനുരാജിനെയും സംഘത്തെയും എസ്‌ഐ വിമോദ് കൈയേറ്റം ചെയ്തു. ”പോലീസിന്റെ അധികാരം കാണിച്ചുതരാമെടാ”എന്ന് അട്ടഹസിച്ച വിമോദ് മൂന്നുപേരെയും വലിച്ചിഴച്ചു സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഗ്രില്‍ പൂട്ടിയിട്ടു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുമെന്നു ഭീഷണി മുഴക്കി.