കോഴിക്കോട് സ്വദേശി യുവ ഐ.ടി ഉദ്യോഗസ്ഥനെ ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

08:28am 6/4/2016
Newsimg1_51542420
കോഴിക്കോട്: കോഴിക്കോട് കുരാച്ചുണ്ട് സ്വദേശി യുവ ഐ.ടി ഉദ്യോഗസ്ഥനെ ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൂരാച്ചുണ്ട് കേളോത്തുവയല്‍ നെല്ലുവയലില്‍ റെജി ജോസഫ് (43) ഉള്‍പ്പെട്ട സംഘത്തെയാണു ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നു തട്ടിക്കൊണ്ടു പോയത്.

കഴിഞ്ഞ നാലു ദിവസമായി റെജിയെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. റെജിക്കൊപ്പം തടവിലായവര്‍ ലിബിയന്‍ സ്വദേശികളാണ്. രണ്ടു വര്‍ഷമായി റെജി കുടുംബത്തോടൊപ്പം ലിബിയയിലാണ്. ഭാര്യ ഷിനുജ അവിടെ നഴ്‌സാണ്. മക്കളായ ജോയ്‌ന, ജോസ്യ, ജാനിയ എന്നിവരോടൊപ്പം ട്രിപ്പോളിയിലാണ് താമസം. ലിബിയയില്‍ തുടരുന്ന ഭാര്യയാണ് വിവരങ്ങള്‍ നാട്ടിലുള്ളവരെ അറിയിച്ചത്.

ട്രിപ്പോളിയിലെ ജോലി സ്ഥലത്തു നിന്നാണു തട്ടിക്കൊണ്ടു പോയത്. ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധുക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്. സിആര്‍എ (സിവിലിയന്‍ റജിസ്‌ട്രേഷന്‍ അതോറിറ്റി)യുടെ പ്രോജക്ടുമായി ബന്ധപ്പെട്ട ജോലിയാണ് റെജി ചെയ്തു വന്നത്. ഏതാനും ദിവസം മുന്‍പ് ഈ സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക്‌ െചയ്തിരുന്നു. റെജിയുടെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എം.കെ. രാഘവന്‍ എംപി ഇ മെയില്‍ സന്ദേശം അയച്ചു.