കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ

03:46 PM 09/07/2016
download (1)
തിരുവനന്തപുരം: കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ. തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയ ഇവരെ ഉടന്‍ തന്നെ കേരളത്തിലെത്തിക്കും. മേരി ദാസന്‍റെ വീടിന് സമീപം താമസിച്ചിരുന്നയാളും ഭാര്യയുമാണ് കസ്റ്റഡിയിലെന്നാണ് സൂചന. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്.

വ്യാഴാഴ്ചയാണ് കോളിയൂർ തൊട്ടിൽപ്പാലം ചാനൽക്കര ചരുവിള പുത്തൻവീട്ടിൽ മേരിദാസിനെ (50) തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലും ഭാര്യ ഷീജയെ (41) തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയത്. ഷീജ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വെന്‍റിലേറ്ററിൽ കഴിയുന്നതിനാൽ ഇവരിൽ നിന്നും പൊലീസിന് ഇതുവരെ മൊഴിയെടുക്കാനായിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന മകന്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ഹാളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെ കണ്ടത്. കുട്ടിയുടെ നിലവിളി കേട്ട് സമീപത്തെ വീടുകളില്‍നിന്ന് അയല്‍ക്കാരും ബന്ധുക്കളും എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഗുരുതര പരിക്കേറ്റ ഷീജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചുറ്റിക പോലുള്ള ഭാരമേറിയ ആയുധം ഉപയോഗിച്ചുള്ള അടിയാണ് മേരിദാസന്‍െറ മരണകാരണം.