ക്യാപ് അറ്റ് കാമ്പസ് പദ്ധതി മാതൃകാപരം: പിണറായി വിജയന്‍

12:00pm 26/7/2016
download (5)
തിരുവനന്തപുരം: ദീപികയും സര്‍ഗക്ഷേത്രയും മേളം ഫൗണേ്ടഷനും ചേര്‍ന്നു നടത്തുന്ന സമഗ്ര കാന്‍സര്‍ ബോധവത്ക്കരണ പദ്ധതി ‘ക്യാപ് അറ്റ് കാമ്പസ്’ പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വന്‍ തോതിലാണ് കാന്‍സര്‍ ഇപ്പോള്‍ നമ്മുടെ സമൂഹത്തെ ബാധിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവരേയും കാന്‍സര്‍ കീഴ്‌പ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം ഒട്ടേറെ പ്രതിരോധം തീര്‍ത്തിട്ടുണെ്ടങ്കിലും കാന്‍സര്‍ രോഗം വര്‍ധിക്കുന്നതായാണ് ഓരോ പ്രദേശത്തേയും അനുഭവങ്ങള്‍ വെളിവാക്കുന്നത്. കാന്‍സര്‍ രോഗം വര്‍ധിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നാട്ടില്‍ വന്നിട്ടുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ രോഗം വര്‍ധിക്കുന്നതിന് ഇടയാക്കി. കൃഷിയില്‍ അമിത തോതിലുള്ള കീടനാശിനികളുടേയും രാസവളങ്ങളുടേയും പ്രയോഗവും ഒരു കാരണമാകുന്നു. പലപ്പോഴും കിട്ടുന്ന ഫാസ്റ്റ് ഫുഡിനു നല്ല രുചി ഉണെ്ടങ്കിലും ഇവയ്ക്ക് പിന്നില്‍ വലിയ തോതിലുള്ള ആപത്തുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള പുതുതലമുറയ്ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ബോധവക്കരണം നല്കുന്നതിന് ക്യാപ് അറ്റ് കാമ്പസ് പദ്ധതി സഹായകരമാകും. ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ള പച്ചക്കറി ആ വീട്ടുകാര്‍ക്കു തന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കും. വിഷമില്ലാത്ത പച്ചക്കറി ജനങ്ങള്‍ക്കു ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മേളം ഫൗണേ്ടഷന്‍ പ്രസിഡന്റ് ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായ മെത്രാപ്പോലീത്ത സാമുവേല്‍ മാര്‍ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം സിഎംഐ, സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. സിറിയക് മഠത്തില്‍,, ഫാ. ബിനോ മഠത്തില്‍ സിഎംഐ, ഫാ. പോള്‍ താമരശേരി, ഫാ. ജോസഫ് വട്ടപ്പറമ്പില്‍ സിഎംഐ, ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ സിഎംഐ, റവ ഡോ. കുര്യന്‍ ചാലങ്ങാടി സിഎംഐ, ഫാ. ജോസഫ് ഈന്തംകുഴി സിഎംഐ, സര്‍ഗക്ഷേത്ര സെക്രട്ടറി വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.