ഓസ്റ്റിന്‍ : ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും ക്ലാസ് മുറികളിലും കണ്‍സീല്‍ ഗണ്‍ കൊണ്ടു വരുന്നതിനു അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കോളേജ് തുറന്ന ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഈ നിയമം ആരേയും സംരക്ഷിക്കുകയില്ല. ഇത് തികച്ചും വിഡ്ഢിത്തമാണ് എന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ ജെസിക്ക ജിന്‍ പറഞ്ഞു. ആദ്യദിനമായ ഓഗസ്റ്റ് 24 ബുധനാഴ്ച കോളേജില്‍ എത്തിചേര്‍ന്ന ജസിക്ക വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതിനുശേഷമാണ് ഓഗ്‌സറ്റ് ഒന്ന് മുതല്‍ നിലവില്‍ വന്ന കണ്‍സീല്‍ഡ് ഗണ്‍ ക്യാരി നിയമത്തിനെതിരെ റാലി നടത്തിയത്.
പ്രതിഷേധ സൂചകമായി എല്ലാവരുടേയും ബാഗിന് വെളിയില്‍ ടോയ്‌സ് തൂക്കിയിട്ടിരുന്നു. തോക്ക് കൊണ്ടു വരുന്നതിന്റെ പ്രത്യാഘാതം പഠിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് തയ്യാറായിട്ടില്ല എന്ന് റാലിയെ അഭിസംബോധന ചെയ്തു ജസിക്ക പറഞ്ഞു.
റാലിയെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഗണ്‍ നിയമത്തെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥി വിഭാഗം നിശബ്ദ പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. സംസ്ഥാനം അംഗീകരിച്ച നിയമം നടപ്പാക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നു. ഞങ്ങള്‍ ഇതിനെതിരാണെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പറഞ്ഞു.