04:02pm 7/6/2016
ജെറുസലേം: ക്രിസ്തുവിന്റെ കല്ലറ പുതുക്കിപ്പണിയുന്നു ജെറുസലേമില്‍ സ്ഥിതിചെയ്യുന്ന പൗരാണികമായ കല്ലറയാണ് വിദഗ്ധ സംഘങ്ങള്‍ പുനരുദ്ധരിക്കുന്നത്. 200 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കല്ലറയില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നത്. 1810ലുണ്ടായ അഗ്നിബാധയേ തുടര്‍ന്നാണ് കല്ലറ ഒടുവില്‍ പുതുക്കിപ്പണിതത്.
കല്ലറ ദൃഢപ്പെടുത്തി സംരക്ഷിക്കണമെന്ന ജെറുസലേമിലെ പുനരുത്ഥാന സഭയുടെ തീരുമാനത്തെ തുടര്‍ന്നാണ് പുതുക്കിപ്പണിയല്‍ നടക്കുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്സ്, റോമന്‍ കാത്തലിക്, അര്‍മേനിയന്‍ സഭകള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് പുനരുദ്ധാരണ ജോലികള്‍ ഇത്രയും വൈകിയത്. ഭിന്നതകള്‍ മറികടന്ന് മൂന്നു സഭകളും യോജിച്ചതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
കല്ലറ സ്ഥാപിച്ചിരുന്ന അള്‍ത്താര പൂര്‍ണമായും പുതുക്കിപ്പണിയും. വര്‍ഷങ്ങളായി കാറ്റും മഴയും കൊണ്ട് സംഭവിച്ച കേടുപാടുകളും മെഴുതിരി പുകയേറ്റ് മങ്ങിയ നിറവും തുടച്ചുനീക്കും. ഭൂകമ്പം അടക്കമുള്ള പ്രകൃതിക്ഷോഭങ്ങളെ തടയുന്ന വിധത്തില്‍ കല്ലറയെ ബലപ്പെടുത്തുമെന്നും വിദഗ്ധ സമിതി കോര്‍ഡിനേറ്റര്‍ അന്റോണിയ മോറോപൗലോ പറഞ്ഞു. ഓഗസ്റ്റിനും ഡിസംബറിനും മധ്യേ പുനരുദ്ധാരണ പണികള്‍ ആരംഭിക്കും. ഇക്കാലത്ത് തീര്‍ഥാടകരെ വിലക്കില്ലെന്നും അവര്‍ പറഞ്ഞു.
33 ലക്ഷം ഡോളറാണ് പുനരുദ്ധാരണ പണികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് മൂന്നു സഭകളും കൂടി തുല്യമായി വഹിക്കും. കൂടാതെ ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുള്ള രാജാവും വ്യക്തിപരമായി സംഭവന നല്‍കും. കല്ലറ സ്ഥിതിചെയ്യുന്ന പഴയ ജെറുസലേം ജോര്‍ദ്ദാന്റെ നിയന്ത്രണത്തിലാണ്.