ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിൽ

07.02 PM 20/12/2016
Cinema-Vox-banner_0
സിനിമാ സമരം അവസാനിപ്പിക്കാൻ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ച അലസിപ്പിരിഞ്ഞു. ഇതോടെ ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിലായി. ചർച്ചയിൽ തീരുമാനമാകാത്തതിനാൽ 16 മുതൽ പുതിയ സിനിമകൾ പ്രദർശനത്തിനെടുക്കാതെ തീയേറ്റർ ഉടമകൾ ആരംഭിച്ച സമരം തുടരും. പാലക്കാട് വടക്കാഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രി എ.കെ ബാലൻ ചലച്ചിത്ര സംഘടനകളുമായി പ്രശ്നപരിഹാരത്തിന് ചർച്ച നടത്തിയത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

തീയേറ്റർ ഉടമകളും വിതരണക്കാരും നിർമാതാക്കളും അവരുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് ചർച്ച അലസിയത്. പ്രശ്നം പഠിക്കാൻ ജുഡീഷൽ സ്വഭാവമുള്ള കമ്മീഷനെ നിയോഗിക്കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും സംഘടനകൾ ഈ നിർദേശം തള്ളി. 50–50 അനുപാതത്തിൽ തിയറ്റർ വിഹിതം വേണമെന്ന് തീയേറ്റർ ഉടമകളും കഴിയില്ലെന്ന് വിതരണക്കാരുടേയും നിർമാതാക്കളുടേയും സംഘടനകളും നിലപാട് എടുത്തതോടെയാണ് ചർച്ച വഴിമുട്ടിയത്.

മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദുൽഖർ സൽമാൻ–സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, സിദ്ദീഖ്–ജയസൂര്യാ ചിത്രം ഫുക്രി, പൃഥ്വിരാജ് നായകനായ എസ്ര എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്. ഈ സിനിമകളെല്ലാം സെൻസർ പൂർത്തിയാക്കി പരസ്യപ്രചരണവും നടത്തി റിലീസിന് തയാറെടുത്ത് നിൽക്കുകയാണ്. ഇതേ ദിവസങ്ങളിൽ തീയേറ്ററുകളിലെത്തേണ്ട ബോളിവുഡ് ചിത്രം ദങ്കൽ, സൂര്യയുടെ എസ് ത്രീ എന്നിവയുടെ റിലീസുകളിൽ മാറ്റമില്ല.

നിലവിൽ തീയേറ്ററുകളിൽ റിലീസിംഗ് ആഴ്ചയിൽ നിർമാതാക്കൾക്ക് 60 ശതമാനവും തീയേറ്ററുടമകൾക്ക് 45 ശതമാനവും എന്ന നിരക്കിലായിരുന്നു വരുമാന വിഹിതം. മൾട്ടിപ്ളെക്സുകളിൽ 50–50 എന്ന അനുപാതത്തിലാണ് വിഹിതം പങ്കുവയ്ക്കുന്നത്. ഇതേ അനുപാതത്തിൽ തങ്ങൾക്കും വരുമാന വിഹിതം വേണമെന്നാണ് എ ക്ലാസ് തീയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം. ഡിസംബർ 16ന് ശേഷം പുതിയ സിനിമകൾ തുടങ്ങേണ്ടെന്നും നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നു.