ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് 2017: വേദിയാകുന്നത് സെന്റ് ചാള്‍സിലെ ഫെസെന്റ് റിസോര്‍ട്‌സ് –

07:19 pm 17/12/2016

അനില്‍ മറ്റത്തികുന്നേല്‍
Newsimg1_82135371
ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ക്‌നാനായ ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോള്‍, ഫാമിലി കോണ്‍ഫറന്‍സിന്റെ വേദി സംബന്ധമായ തീരുമാനങ്ങള്‍ പൂര്‍ത്തിയായി. ചിക്കാഗോയില്‍ നിന്നും ഏകദേശം 50 മൈലുകള്‍ക്കപ്പുറത്ത് സെന്റ് ചാള്‍സില്‍ സ്ഥിതി ചെയ്യുന്ന ഫെസെന്റ് റൊസോര്‍ട്‌സ് എന്ന ലോകോത്തര റിസോര്‍ട്ടിലാണ്. 250 ഏക്കറിലോളം വിശാലമായ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോട്ടില്‍ 80,000 ലധികം ചതുരശ്ര അടിയില്‍ 33 മീറ്റിങ് റൂമുകളും ഹാളുകളുമൊക്കയായി വിശാലമായ സ്ഥല സൗകര്യങ്ങള്‍ ഉണ്ട്. ഫെസന്റ് റിസോര്‍ട്ടിലെ പ്രധാന ഹാളിന് 35000 സ്ക്വയര്‍ ഫീറ്റിലധികം വലുപ്പമുണ്ട്. ഇത് കൂടാതെ 320 പേര്‍ക്ക് ഇരിക്കുവാന്‍ സാധിക്കുന്ന ലോകോത്തര ആംഫി തിയേറ്റര്‍, മുന്നോറോളം ഹോട്ടല്‍ മുറികള്‍, കായികോല്ലാസത്തിനായി ലോകോത്തര സംവിധാനങ്ങള്‍ എന്നിവ ഈ റിസോട്ടിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ റിസോര്‍ട്ടിലേക്ക് നടന്നു എത്തുവാന്‍ തക്ക ദൂരത്തില്‍ നിരവധി ഹോട്ടലുകളും സ്ഥിതി ചെയ്യുന്നു. 500 കുടുംബങ്ങള്‍ക്കായി മാത്രം നിജപ്പെടുത്തിയിരിക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ്, ഒരു അനുഭവമാക്കി മാറ്റുവാന്‍ ഉതകുന്ന രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെയാണ് ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടുക. ഭാരതത്തിനു വെളിയിലെ പ്രഥമ ക്‌നാനായ ദൈവാലയമായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയവും, പങ്കാളിത്തം കൊണ്ട് ഭാരതത്തിനു വെളിയിലെ ഏറ്റവും വലിയ ഇടവകയായ ചിക്കാഗോ സെന്റ് മേരീസ് ദൈവാലയവും സംയുക്തമായി പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സിനായി ആതിഥേയത്വം വഹിക്കുമ്പോള്‍ ക്‌നാനായ റീജിയന്റെ പ്രാരംഭം കുറിച്ച ചിക്കാഗോയിലെ സമൂഹത്തിന് അഭിമാനിക്കാം എന്നതില്‍ സംശയമില്ല എന്ന് ഫാമിലി കോണ്‍ഫ്രന്‍സ് ജനറല്‍ കണ്‍വീനര്‍ ടോണി പുല്ലാപ്പള്ളി അഭിപ്രായപ്പെട്ടു. റെജിസ്‌ട്രേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. പോള്‍സണ്‍ കുളങ്ങര 8472071274.