09:15 pm 28/9/2016
ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ അനുവദിക്കും. ഖത്തറിലുടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്കാണ് നാലു ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വിസ നല്‍കുന്നത്. ഖത്തറിന്‍റെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കാനാണ് പുതിയ തീരുമാനം. ദോഹ വഴി ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ രാജ്യത്ത് തങ്ങേണ്ടി വരുന്ന എല്ലാ യാത്രക്കാര്‍ക്കും നാലു ദിവസം കാലാവധിയുള്ള വിസ അനുവദിക്കാനാണ് തീരുമാനം. ഇതിനു മുന്‍കൂര്‍ അപേക്ഷിക്കേണ്ടതില്ലെന്നും എല്ലാ രാജ്യക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എട്ടു മണിക്കൂറില്‍ കൂടുതല്‍ സ്റ്റോപ്പ് ഓവര്‍ ഉള്ള യാത്രക്കാര്‍ക്ക് മാത്രമാണ് നേരത്തെ രണ്ടു ദിവസത്തെ വിസ അനുവദിച്ചിരുന്നത്. ഇതിന്‍ന്റെ കാലാവധി രണ്ടു ദിവസം കൂടി വര്‍ധിപ്പിച്ച് നാലു ദിവസമാക്കുകയും എല്ലാ രാജ്യക്കാരെയും ഓണ്‍ അറൈവല്‍ വിസയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതിനു പുറമെ വിസാ ഫീസ് നീക്കം ചെയ്തതും വിനോദ സഞ്ചാരികള്‍ക്ക് ഗുണകരമാവും. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നാലു ദിവസത്തേക്കുള്ള വിസ അപ്പോള്‍ തന്നെ അനുവദിക്കും.
എന്നാല്‍ വിസ അനുവദിക്കുന്നതിനുള്ള പൂര്‍ണ അധികാരം ആഭ്യന്തര മന്ത്രാലയത്തിനായിരിക്കും. ഖത്തര്‍ ടൂറിസം അതോറിറ്റി,ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുടെ സഹകരണത്തോടെയാണ് വിസാ നടപടികള്‍ ലഘൂകരിച്ചത്.