ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ചങ്ങാടം മുങ്ങി 10 പേര്‍ മരിച്ചു

01.52 AM 08-09-2016
Ganesha_Statue_760x400
കര്‍ണാടകത്തിലെ ഷിവമോഗയിലെ തുംഗഭദ്ര നദിയില്‍ ചങ്ങാടം മുങ്ങി പത്ത് പേര്‍ മരിച്ചു. കാണാതായ ആറു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനായി തുംഗഭദ്ര നദിയില്‍ ചങ്ങാടത്തില്‍ പോയ ഇരുപത്തിയഞ്ചു പേരാണ് അപകടത്തില്‍ പെട്ടത്. ഇവരില്‍ ഒന്‍പത് പേര്‍ മാത്രമാണ് കരയില്‍ നീന്തിയെത്തിയത്. അപകടത്തില്‍ 10 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. കാണാതായ ആറ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഗണപതി വിഗ്രഹ നിമജ്ജനത്തിനായി സംഘം പോയ സമയം നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നുവെന്നും ചങ്ങാടത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചങ്ങാടത്തിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷത്തിനും നീന്തല്‍ അറിയാതിരുന്നതും മരണസംഖ്യ ഉയരാന്‍ കാരണമായി. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. മരിച്ചവരില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.