ഗണേശോത്സവത്തിന് സംഭാവന നൽകാത്തവർക്ക് ഏത്തമിടൽ ശിക്ഷ

12:33 pm 23/08/2016
download (9)
പൂനെ: പ്രാദേശിക ഗണേശ ഉത്സവത്തിന് സംഭാവന നൽകാത്ത ബേക്കറി ജീവനക്കാർക്ക് ഏത്തമിടൽ ശിക്ഷ. പുനെയിലെ ബോസാറി ഏരിയയിലെ ബേക്കറി ജീവനക്കാർക്കാണ് സംഭാവന പിരിക്കാനെത്തിയവർ ഏത്തമിടൽ ശിക്ഷ നൽകിയത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് കുറ്റക്കാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബേക്കറിയിലെ ജീവനക്കാരോട് 151 രൂപ സംഭാവന നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഉടമസ്ഥൻ സ്ഥലത്തില്ലെന്ന് പറഞ്ഞ മഹാരാഷ്ട്രക്കാരല്ലാത്ത തൊഴിലാളികൾ സംഭാവന നൽകാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് സംഭാവന പിരിക്കാനെത്തിയവർ തൊഴിലാളികളെ അപമാനിക്കുകയും നിർബന്ധിച്ച് ഏത്തമിടീപ്പിക്കുകയുമായിരുന്നു.

ബേക്കറി തൊഴിലാളിയായ മുഹമ്മദ് അയൂബ് ഖാന്‍റെ പരാതിയെ തുടർന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രകാശ്, ഗണേഷ്, മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.