തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. പ്രസംഗം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സഭയിലെത്തിയ ഉടന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അഭ്യര്‍ഥിച്ചു. അഴിമതി വീരന്മാര്‍ക്കായി പ്രസംഗം നടത്തരുത്. ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഭരണഘടനാപരമായ അവകാശം നിര്‍വഹിച്ചേ തീരുവെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. ജനാധിപത്യരീതിയില്‍ പ്രതിഷേധം അറിയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യം ഉറ്റുനോക്കുന്നു. നിശബ്ദമായി ഇരിക്കുക അല്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്തു പോവുക. എല്ലാത്തിനും ഒരു പരിധിയുണ്ട്. പ്രതിഷേധമുണ്ടായാലും നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കുമെന്നും പി. സദാശിവം അറിയിച്ചു.
തുടര്‍ന്ന് ഗവര്‍ണറുടെ പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാറും സഭ ബഹിഷ്കരിച്ചു. ഗവര്‍ണറെ നിയമസഭാ കവാടത്തില്‍ സ്വീകരിക്കുന്ന ചടങ്ങിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ രാവിലെ സഭയിലെത്തിയത്. ഗവര്‍ണര്‍ നടുത്തളത്തിലൂടെ കടന്നുവന്നപ്പോള്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന പ്രതിപക്ഷം ഡയസിലെത്തിയതോടെ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഇത് അവഗണിച്ച് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ തുടങ്ങിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ഉച്ചത്തിലാക്കി. തുടര്‍ന്നാണ് പ്രതിപക്ഷത്തോട് നിശബ്ദമായി ഇരിക്കുകയോ സഭയില്‍ നിന്ന് പുറത്തു പോവുകയോ ചെയ്യാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
ബാര്‍, സോളര്‍, പാമോലിന്‍, പാറ്റൂര്‍ അടക്കം കോഴ ആരോപണങ്ങള്‍ നേരിടുന്ന അഴിമതി വീരന്മാരാണ് സഭയിലുള്ളതെന്ന് നിയമസഭക്ക് പുറത്ത് നടത്തിയ പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധ ധര്‍ണയില്‍ വി.എസ്. പറഞ്ഞു. അഴിമതി വീരന്മാരായ കെ. ബാബു, ആര്യാടന് മുഹമ്മദ് എന്നിവരെവെച്ച് സഭ മുന്നോട്ടു പോകാന്‍ സാധിക്കില്ല. കേരളത്തിലെ ജനങ്ങളുടെ ആകെ ആവശ്യം തങ്ങള്‍ നിയമസഭയില്‍ അറിയിക്കുകയാണ് ചെയ്തതത്. അഴിമതിക്കാരുടെ ചാമ്പ്യന്മാരാണ് മന്ത്രിസഭയിലുള്ളതെന്നും വി.എസ് ആരോപിച്ചു.